കിഴക്കമ്പലം നെല്ലാട് റോഡിലെ; ദുരിതയാത്രക്കറുതിയില്ല
text_fieldsകൊച്ചി: ദുരിതയാത്രക്കറുതിയില്ലാതെ എറണാകുളം-തേക്കടി റോഡ്. റോഡ് പുനർ നിർമാണത്തിനായി കോടികൾ അനുവദിക്കുന്ന പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ പതിറ്റാണ്ടുകളായി ഇതുവഴിയുള്ള ദുരിതയാത്രയിൽ വലയുകയാണ് യാത്രക്കാർ. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ എറണാകുളം-തേക്കടി പാതയിലെ കിഴക്കമ്പലം മുതൽ നെല്ലാട് വരെ ഭാഗമാണ് ദുരിതയാത്രമൂലം നാട്ടുകാർ വലയുന്നത്. പതിറ്റാണ്ടുകളായി തകർന്ന റോഡിന്റെ പുനരുദ്ധാരണത്തിനായി നിരവധി ഇടപെടലുകളാണ് നടന്നത്. ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും കോടതി ഇടപെടലുകളുമെല്ലാമുണ്ടായി. വകുപ്പ് മന്ത്രിയുടെ സന്ദർശനവുമുണ്ടായി. എന്നാൽ, പരിഹാരം മാത്രം അകലെയാണ്.
ജില്ല ആസ്ഥാനമായ കാക്കനാട്ടേക്കും ഇൻഫോപാർക്ക് അടക്കമുള്ള കേന്ദ്രങ്ങളിലേക്കും എറണാകുളം നഗരത്തിലേക്കും കിഴക്കൻ മേഖലയിൽനിന്നുള്ള പ്രധാന റോഡുമാണിത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളും ചളിയും വെള്ളവും നിറഞ്ഞതോടെ അപകടങ്ങളും തുടര്‍ക്കഥയാകുകയാണ്. ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളുമാണ് കൂടുതല്‍ അപകടത്തില്‍ പെടുന്നത്. മഴ ശക്തമായതോടെ വലിയ കുഴികൾ രൂപപ്പെട്ടു. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികൾ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് അപകടങ്ങൾ വർധിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം കുഴിയിൽവീണ് വാഹനങ്ങൾക്ക് തകരാൻ സംഭവിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. വേനലായാൽ കടുത്ത പൊടിശല്യവുമുയരും
ഫണ്ടനുവദിച്ചത് പലവട്ടം; ദുർഗതി മാറാതെ റോഡ്
ജനകീയ പ്രതിഷേധം വ്യാപകമായതോടെ റോഡ് നിർമാണത്തിന് സര്‍ക്കാര്‍ കിഫ്ബി വഴി 32.6 കോടി അനുവദിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 26.54 കോടിക്ക് റോഡ് നിര്‍മാണം ടെന്‍ഡര്‍ ചെയ്യുകയും ചെയ്തു. എന്നാൽ, സാങ്കേതികത്വത്തിൽ കുരുങ്ങി ഇതെങ്ങുമെത്തിയില്ല. ഇതിനിടെയാണ് റോഡിലെ അറ്റകുറ്റപ്പണിക്കായി മൂന്ന് ഘട്ടങ്ങളിലായി ഏകദേശം 10 കോടിയിലധികം അനുവദിച്ചത്. ഇതിൽ ഒരുവട്ടം ഹൈകോടതി ഇടപെടലിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി 1.59 കോടി അനുവദിച്ചത്. മൊത്തം 45 കോടിയിലധികം രൂപ അനുവദിച്ചിട്ടും റോഡിന്റെ അവസ്ഥ മാത്രം മാറുന്നില്ല.
വില്ലനായി ഏകോപനമില്ലായ്മ
വിവിധ വകുപ്പുകളും ജനപ്രതിനിധികളും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് റോഡ് പുനർനിർമാണം ഇഴയാൻ കാരണം. ഫണ്ടുകൾ അനുവദിക്കുന്നതല്ലാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ വേഗത്തിലാക്കാനോ ഇടപെടലുകൾ ഉണ്ടാവാറില്ല. റോഡിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഫണ്ടുകൾ അനുവദിക്കുന്നത് കിഫ്ബിയായതിനാൽ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങൾ പലപ്പോഴും വില്ലനാകുന്നുണ്ട്. എന്നാൽ, ഇത് പരിഹരിക്കാൻതക്ക ഇടപെടൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതോടൊപ്പം തങ്കളം -കാക്കനാട് നാലുവരിപ്പാത, മൂവാറ്റുപുഴ -കാക്കനാട് അതിവേഗപാത പ്രഖ്യാപനങ്ങളും ഈ റോഡിനെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

