ചെമ്മീൻ കെട്ടിന്റെ ഓരം സംരക്ഷിക്കുന്നതിൽ ഉടമകളുടെ അനാസ്ഥ; കിടപ്പാടം ഒലിച്ചു പോകൽ ഭീഷണിയിൽ കുടുംബങ്ങൾ
text_fieldsഎടവനക്കാട്: ചെമ്മീൻ കെട്ടുകളുടെ ഓരം സംരക്ഷിക്കുന്നതിൽ ഉടമകൾ വീഴ്ച വരുത്തിയതിനെ തുടർന്ന് മൂന്നു വീടുകൾ ഒലിച്ചുപോകലിന്റെ വക്കിൽ. തിരകൾ തല്ലി കിടപ്പാടം ഒലിച്ചുപോകാതിരിക്കാൻ ഈ കുടുംബങ്ങൾ പഞ്ചായത്ത് കയറിയിറങ്ങിയത് നിരവധി തവണ.
എടവനക്കാട് പഞ്ചായത്തിൽ കണ്ണുപിള്ള ചെമ്മീൻ കെട്ടിന്റെ കിഴക്കേ ഓരത്ത് വാർഡ് 13ൽ താമസിക്കുന്ന പട്ടികജാതിക്കാരനായ വേലിക്കകത്തുതറ ബാബുരാജ്, 14ലെ ചീരേപറമ്പിൽ അബ്ദുൽ അസീസ്, സഹോദരി സെബി എന്നിവരാണ് വീടുകൾ സംരക്ഷിക്കാൻ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുന്നത്. ചെമ്മീൻ കെട്ടിന്റെ ഉടമകൾ ഓരം സംരക്ഷിക്കാൻ കാലാകാലങ്ങളിൽ ചെയ്യേണ്ട അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
അബ്ദുൽ അസീസിന്റെ വീടിന്റെ പിൻവശം ഇടിഞ്ഞ് ഏതുനിമിഷവും കെട്ടിലേക്ക് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മതിൽ നേരത്തേ തന്നെ നിലം പതിച്ചു. ഇതിനോട് ചേർന്ന സെബിയുടെ വീടും ചെമ്മീൻ കെട്ടും തമ്മിൽ ഒരടി ദൂരം മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. കാറ്റിലും മഴയിലും തിരകൾ വീടിന്റെ ഭിത്തിയിലാണ് വന്നടിക്കുന്നത്. ബാബുരാജിന്റെ വീടിന്റെ വടക്കും പടിഞ്ഞാറും അതിരുകൾ ചെമ്മീൻ കെട്ടിലേക്ക് ഇടിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ രണ്ട് വർഷം മുമ്പ് ഈ കുടുംബങ്ങൾ ചെമ്മീൻ കെട്ട് ഉടമ സംഘത്തിനെതിരെ പഞ്ചായത്തിൽ പരാതി നൽകുകയും തുടർന്ന് 2021 ഒക്ടോബർ 23ന് പഞ്ചായത്ത് കെട്ട് ഉടമ സംഘത്തെയും പരാതിക്കാരെയും വിളിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽപെടുത്തി മൂന്ന് വീട്ടുകാർക്കും സംരക്ഷണഭിത്തി നിർമിച്ചുനൽകാമെന്ന് പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നു. തികയാത്ത പണം ചെമ്മീൻ കെട്ട് ഉടമ സംഘം നൽകാമെന്നും ഉറപ്പ് നൽകി. എന്നാൽ, പിന്നീട് ഒരു നടപടിയുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.