നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ; നടപടികൾ തുടങ്ങുന്നു
text_fieldsനെടുമ്പാശ്ശേരി: കൊച്ചിയുടെ വികസനസ്വപ്നങ്ങൾക്ക് പുതിയ ഉണർവ് പകർന്ന് നെടുമ്പാശ്ശേരിയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള നിർദിഷ്ട റെയിൽവേ സ്റ്റേഷൻ നിർമാണത്തിന്റെ പ്രാഥമിക നടപടികളിലേക്ക് ദക്ഷിണ റെയിൽവേ കടക്കുന്നു. സ്ഥലപരിശോധന ഡിസംബറിൽ നടത്തുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി ബെന്നി ബഹനാൻ എം.പി പറഞ്ഞു. എന്നാൽ, ഇത് സംബന്ധിച്ച് തങ്ങൾക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നാണ് വിമാനത്താവള കമ്പനി അധികൃതർ വ്യക്തമാക്കിയത്.
2010ൽ ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ടത്. അന്ന് റെയിൽവേ സ്റ്റേഷൻ നിർമിച്ചു നൽകാൻ സിയാൽ സന്നദ്ധത അറിയിച്ചിരുന്നു. നിലവിൽ വിവിധയിടങ്ങളിൽനിന്ന് ട്രെയിൻ മാർഗം എത്തുന്നവർ അങ്കമാലിയിലോ ആലുവയിലോ ട്രെയിനിറങ്ങി അവിടെ നിന്ന് റോഡ് മാർഗമാണ് നെടുമ്പാശ്ശേരിയിൽ എത്തുന്നത്. നെടുമ്പാശ്ശേരിയിൽ സ്റ്റേഷൻ യാഥാർഥ്യമായാൽ അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് സിയാൽ തന്നെ ബസ് സർവിസും ആരംഭിച്ചേക്കും.
ജീവൻവെക്കുന്നത് ഉപേക്ഷിച്ച പദ്ധതിക്ക്
വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കിയത് 2010ലാണ്. ശിലാസ്ഥാപനംവരെ നടന്ന ശേഷമാണ് പലകാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ച നിലയിലായത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളം സന്ദർശിച്ചപ്പോൾ മന്ത്രി ജോർജ് കുര്യൻ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു.
സ്റ്റേഷൻ നിർമാണം ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി റെയിൽവേ മന്ത്രിക്ക് കത്തും നൽകി. തുടർന്നാണ് ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്ന് ജൂലൈയിൽ ദക്ഷിണ റെയിൽവേ രേഖാമൂലം അറിയിച്ചത്. വിമാനത്താവള അപ്രോച് റോഡിലെ റെയിൽവേ മേൽപാലത്തിന് സമീപത്തായാണ് സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആർ.എൻ. സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിർദിഷ്ട സ്ഥലത്ത് പദ്ധതി യാഥാർഥ്യമായാൽ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഒരു മതിലിന് അപ്പുറവും ഇപ്പുറവും ആകും. പ്ലാറ്റ്ഫോം നിർമിക്കാൻ ആവശ്യമായ റെയിൽവേ പുറമ്പോക്ക് ഭൂമി ലഭ്യമാണെന്നത് പദ്ധതിക്ക് അനുകൂല ഘടകമാണ്. കൂടുതൽ ഭൂമി ആവശ്യമായി വന്നാൽ സിയാലിന്റെ കൈവശമുള്ള ഭൂമി ഉപയോഗിക്കാനാകും.
സ്റ്റേഷൻ കെട്ടിടത്തിന് പുറമെ പ്ലാറ്റ്ഫോം, മേൽപാലം, ലിഫ്റ്റുകൾ എന്നിവയാകും ആദ്യഘട്ടത്തിൽ നിർമിക്കുക. പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ തയാറായി വരികയാണ്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചിൻ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ എന്നായിരിക്കും പേര്.
ചരക്കുനീക്കത്തിലും പ്രതീക്ഷ
നിർദിഷ്ട റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതിനൊപ്പം ചരക്കുനീക്കത്തിലും കുതിപ്പിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിലെ കാർഗോ വില്ലേജും ലോജിസ്റ്റിക്ക് പാർക്കും നിർദിഷ്ട റെയിൽവേ സ്റ്റേഷനിൽനിന്ന് അകലെയല്ല എന്നതാണ് ചരക്കുനീക്കത്തിൽ നേട്ടമാകുന്നത്. കൊച്ചി മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനുള്ള ആലോചനകളും നടപടികളും പുരോഗമിക്കുകയാണ്. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന രണ്ട് പ്ലാറ്റ്ഫോമുകൾ ആയിരിക്കും സ്റ്റേഷനിൽ സജ്ജീകരിക്കുക. രണ്ട് വന്ദേഭാരത് ട്രെയിനും ഇന്റർസിറ്റി ട്രെയിനുകൾ ഉൾപ്പെടെയുള്ളവക്കും സ്റ്റോപ് അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
ചെലവ് 19 കോടി
ഏതാനും മിനിറ്റുകൾ ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷൻ മാത്രമായിട്ടാണ് വിഭാവനം ചെയ്തിരുന്നത്. രണ്ട് പ്ലാറ്റ്ഫോം, ടിക്കറ്റ് ബുക്കിങ് കേന്ദ്രം, സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് വെയ്റ്റിങ് റൂം എന്നിവയും അന്ന് തയാറാക്കിയ പദ്ധതിയിലുണ്ടായിരുന്നു. 19 കോടിയാണ് അന്ന് ചെലവ് കണക്കാക്കിയിരുന്നത്. ഇത് ഉയരാനാണ് സാധ്യത. ചൊവ്വര-നെടുവണ്ണൂർ-എയർപോർട്ട് റോഡിലാവും സ്റ്റേഷന്റെ പ്രധാന കവാടം. അത്താണി ജങ്ഷൻ-എയർപോർട്ട് റോഡിലെ റെയിൽവേ മേൽപാലത്തിന്റെ സമീപത്തുനിന്നാണ് പ്ലാറ്റ്ഫോം ആരംഭിക്കുക. തുടർച്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

