നായരമ്പലം തീരപ്രദേശം; സംരക്ഷണഭിത്തിക്ക് 10 ലക്ഷം കൂടി
text_fieldsവൈപ്പിൻ: മഴക്കാലത്തിന്റെ ഭാഗമായി തീരപ്രദേശത്തെ കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക സംരക്ഷണഭിത്തി നിർമിക്കാൻ നായരമ്പലം പഞ്ചായത്തിന് പത്തുലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. താൽക്കാലിക തീരസംരക്ഷണ ഭിത്തികൾ നിർമിക്കാൻ ഇറിഗേഷൻ വകുപ്പിൽനിന്ന് ലഭിച്ച എസ്റ്റിമേറ്റിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.
നായരമ്പലം പുത്തൻ കടപ്പുറത്തെ സെന്റ് ആന്റണീസ് പള്ളിക്കു സമീപം 100 മീറ്റർ ഭാഗത്ത് പുതിയ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിക്കും. പള്ളിക്കു സമീപം മൂന്നു വർഷം മുമ്പ് സ്ഥാപിച്ച ജിയോ ബാഗ് സംരക്ഷണഭിത്തി കടൽക്ഷോഭത്തിൽ തകർന്നിരുന്നു. തുടർന്ന് സമീപത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
പള്ളിക്കു ചുറ്റും 89 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമിക്കുന്ന പ്രവൃത്തി ഈ വർഷത്തെ ദുരന്ത നിവാരണ ഫണ്ടിൽ തുടരുകയാണ്. എന്നാൽ, കടൽക്ഷോഭത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ഇവിടെ അധികമായി വരുന്ന 100 മീറ്റർ പ്രദേശത്തു കൂടി പുതിയ ജിയോ ബാഗ് പദ്ധതി നടപ്പാക്കുന്നതു ലക്ഷ്യമിട്ടാണ് പത്തുലക്ഷം കൂടി അനുവദിച്ചത്. എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തികൾ നടപ്പാക്കുന്നതിനു ഇറിഗേഷൻ വകുപ്പിന് നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. തീരത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭ്യമാക്കാൻ ജിയോ ബാഗ് പദ്ധതി ഉടൻ നടപ്പാക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

