കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കാന്‍ ‘നഗരം സുന്ദരം’ കാമ്പയിന് വരുന്നു
text_fieldsകൊച്ചി: മാലിന്യ സംസ്കരണത്തിന് കൊച്ചിയില്‍നിന്ന് ലോകത്തിന് മികച്ച മാതൃകയുമായി ‘നഗരം സുന്ദരം’ കാമ്പയിന് നടപ്പാക്കുന്നു. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി. അവരവരുടെ വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന ജനകീയ ശുചീകരണ കാമ്പയിനോടെയാകും തുടക്കം.
കൊച്ചിയിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് മാലിന്യസംസ്കരണത്തില്‍ ജില്ലയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹ്രസ്വകാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘നഗരം സുന്ദരം’ കാമ്പയിന് ആരംഭിക്കുന്നതെന്ന് എം.ജി. രാജമാണിക്യം പറഞ്ഞു.
ആദ്യം അവരവരുടെ വീടും പരിസരവും വൃത്തിയാക്കും. അതുപോലെ സ്ഥാപനങ്ങളും. മൊത്തം ജില്ലയെ ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കൂടുതല്‍ പിഴ ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് എം.ജി. രാജമാണിക്യം പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാലിന്യസംസ്കരണത്തില്‍ വലിയ മാറ്റമാണ് കൊച്ചിയില്‍ ഉണ്ടായിരിക്കുന്നതെന്ന് ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് ഈ വര്‍ഷം ജില്ലയില്‍ 1359 കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തു.
ജൂണിൽ ഇതുവരെ 153 കേസ് എടുത്തു. മാലിന്യ സംസ്കരണത്തില്‍ നിലവില്‍ കൊച്ചി കോര്പറേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി ബാബു അബ്ദുൽ ഖാദര്‍ വിശദീകരിച്ചു. ജില്ല വികസന കമീഷണര്‍ എം.എസ്. മാധവിക്കുട്ടി, സ്മാര്‍ട്ട് മിഷന് സി.ഇ.ഒ ഷാജി നായര്‍, സബ് കലക്ടര്‍ പി.വിഷ്ണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

