സ്വകാര്യബസുകൾക്ക് കൂച്ചുവിലങ്ങിട്ട് എം.വി.ഡി; നിയമലംഘനത്തിന് 2,328 പേർക്കെതിരെ കേസ്; 12.56 ലക്ഷം രൂപ പിഴ
text_fieldsകാക്കനാട് ബസ്സ്റ്റാൻഡിൽ എം.വി.ഡി ഉദ്യോഗസ്ഥർ സ്വകാര്യബസ് പരിശോധിക്കുന്നു, ഹൈകോടതി പരിസരത്തെ ബസുകളിൽ
എം.വി.ഡി ഉദ്യോഗസ്ഥർ പരിശോധ
നടത്തുന്നു
കൊച്ചി: ജില്ലയിലെ നിരത്തുകളിൽ നിയന്ത്രണങ്ങളും നിയമങ്ങളും തെറ്റിച്ച് പായുന്ന സ്വകാര്യബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഹൈകോടതി നിർദേശപ്രകാരം സ്വകാര്യബസുകളുടെ മത്സരഓട്ടവും അപകടകരമായ ഡ്രൈവിങും തടയാൻ നടത്തിയ പരിശോധനയിൽ 2,328 ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യവും അശ്രദ്ധുമായി അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിനും ഗതാതതടസ്സമുണ്ടാക്കിയതിനും 12,56,000 രൂപ പിഴയും ചുമത്തി. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തേവര, കല്ലൂർ, ഹൈകോടതിപരിസരം, മറൈൻഡ്രൈവ്, ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കാക്കനാട് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം ഏറെയും കണ്ടെത്തിയത്.
ഡോർ തുറന്ന് അപകടകരമായ രീതിയിൽ വാഹനം ഓടുക്കുന്നതാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ പ്രവൃത്തിച്ചതിനും മൊബൈൽഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിനും 20 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ഇതിനൊപ്പം മദ്യപിച്ച് വാഹനമോടിച്ച ഒരാളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ട്രിപ്പുകൾ അനാവശ്യമായി കട്ടാക്കുക, മത്സരഓട്ടത്തിനൊപ്പം റോഡിൽ ഗതാഗതതടസ്സമുണ്ടാക്കി ബഹളമുണ്ടാക്കി യാത്രതടസ്സപ്പെടുത്തുക തുടങ്ങിയ നിയമലംഘനവുമുണ്ട്. ഇതിനൊപ്പം വാട്ട്സ് ആപിൽ പരാതിയായി കിട്ടുന്ന ചിത്രങ്ങളുടെയും വീഡിയോകൾ പരിശോധിച്ചും നടപടിയെടുത്തിട്ടുണ്ടെന്ന് എൻഫോഴ്സ് ആർ.ടി.ഒ ബിജു ഐസക് ‘മാധ്യമ’ത്തോട് പറഞ്ഞു.
മത്സരയോട്ടം കുറഞ്ഞു; ഡോർ തുറന്നിടലും
ഹൈകോടതിയുടെ ഇടപെടലിന് പിന്നാലെ എം.വി.ഡി പരിശോധന കർശനകർശനമായതോടെ സ്വകാര്യബസുകളുടെ മത്സരഓട്ടവും ഡോർതുറന്നിട്ടുള്ള സഞ്ചാരവും അനാവശ്യമായ ഹോണടിയും ഓട്ടത്തിനിടെയുള്ള ഓവർടേക്കും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം റോഡുനിയമം ലംഘിച്ച് വാഹനമോടിച്ചതിന് 2,328 സ്വകാര്യബസ് ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. 2025 ഒക്ടോബറിൽ കേസുകളുടെ എണ്ണം 407 ആയിരുന്നു. എം.വി.ഡി പിടിമുറുക്കിയതോടെ നവംബറിൽ അത് 1221 ആയി ഉയർന്നു. ഡിസംബറിൽ 700 കേസും.
കാൽനടയാത്രക്കാർ ‘മുഖ്യം’; 1382 പേർക്കെതിരെ കേസ്
സീബ്രാക്രോസിങ്ങിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ അമിതവേഗതയിൽ വാഹനമോടിച്ചതിന് 1382 പേർക്കെതിരെ എം.വി.ഡി കേസെടുത്തു.
ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞവർഷം സീബ്രാ ലൈൻ മറികടക്കുന്നതിനിടെ മരിച്ചവരുടെ സംഖ്യ ഗണ്യമായി വർധിച്ചതോടെയായിരുന്നു ഈഇടപെടൽ.
സീബ്രാ ക്രോസിങ്ങിൽ പ്രഥമ അവകാശം കാൽനടയാത്രക്കാരനാണെന്നും ഡ്രൈവിങ് സംസ്കാരത്തിന്റെ പേരിൽ ഇനിയും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്താനാവില്ലെന്നും കോടതി നിർദേശിച്ചു.
തുടർന്ന് 16 ഇടങ്ങളിൽ മാഞ്ഞുപോയ സീബ്രാലൈനുകൾ വരച്ചു. റോഡ് ഓഡിറ്റിലൂടെ അപകടസാധ്യത കൂടിയ സ്ഥലത്ത് ചില മാറ്റങ്ങളും വരുത്തി. തോന്നിയ സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ചു. ഇത് അപകടസാധ്യത ഏറെയുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് അനായാസം റോഡുമുറിച്ചുകടക്കാൻ സീബ്രാലൈനുകളിൽ വാണിങ് ലൈറ്റുകൾ സ്ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്.
സർവ്വം ‘പരിശോധന’
കഴിഞ്ഞമൂന്നുമാസത്തിനിടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളുടെ പരിശോധനയായിരുന്നു പ്രധാനം. സീബ്രാ ലൈനുകളിൽ കാൽനടക്കാരെ കടന്നുപോകാൻ അനുവദിക്കാതെ അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയാണ് നടപടിയെടുത്തത്.
മറ്റൊന്ന് അന്തർസംസ്ഥാന പെർമിറ്റുമായി ഓടുന്ന വാഹനങ്ങളുടെ നിയമലംഘനം പിടികൂടി. ഇത്തരത്തിൽ പിടികൂടിയ 24 ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തത്. ജില്ലയിൽ അന്യ ജില്ലകളിലെ പെർമിറ്റ് ഉപയോഗിച്ച് അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോകൾക്കെതിരെയും നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

