വ്യാപാരികൾ എതിർത്തില്ല; നഗരസഭ മാർക്കറ്റ് നിർമാണസ്ഥലത്തെ ഷെഡുകൾ പൊളിച്ചുമാറ്റി
text_fieldsആലുവ നഗരസഭ മാർക്കറ്റ് നിർമാണത്തിന് മുന്നോടിയായി മാർക്കറ്റിലെ ഷെഡുകളും മറ്റും നഗരസഭ
ജീവനക്കാർ നീക്കം ചെയ്യുന്നു
ആലുവ: നഗരസഭ മാർക്കറ്റ് നിർമാണ സ്ഥലത്തെ വ്യാപാര ഷെഡുകൾ പൊളിച്ചുമാറ്റി. സ്വയം ഒഴിയാതിരുന്ന വ്യാപാരികളുടെ ഷെഡുകളും സാധനങ്ങളുമാണ് നഗരസഭ ജീവനക്കാർ നീക്കം ചെയ്തത്. കച്ചവടക്കാർ 48 മണിക്കൂറിനുള്ളിൽ ഒഴിയണമെന്നും അല്ലെങ്കിൽ പൊലീസ് സഹായത്തോടെ ബലമായി ഒഴിപ്പിക്കുമെന്നും നഗരസഭാധികൃതർ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് കടകളുടെ മുന്നിൽ പതിക്കുകയും ചെയ്തിരുന്നു. അതുപ്രകാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുവരെയാണ് സമയം അനുവദിച്ചിരുന്നത്. അതിന് ശേഷമാണ് നഗരസഭ നടപടികളിലേക്ക് നീങ്ങിയത്.
പൊലീസ് സംരക്ഷണയിൽ എല്ലാവിധ സന്നാഹങ്ങളോടെയാണ് അധികൃതർ എത്തിയിരുന്നത്. എതിർപ്പുമായി ആരും വരാതിരുന്നതിനാൽ സംഘർഷ സാധ്യത ഒഴിവായി. കേന്ദ്ര, സംസ്ഥാന ഫണ്ടിൽ നിന്ന് 50 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക മാർക്കറ്റ് നിർമിക്കുന്നത്. മാർക്കറ്റ് സമുച്ചയത്തിന് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ഇതിനുമുമ്പ് ഗ്രൗണ്ട് ക്ലിയറിങ് നടത്തി സ്ഥലം കൈമാറണമെന്ന് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കലിനെതിരെ വ്യാപാരികളും തൊഴിലാളി യൂനിയനുകളും എതിർപ്പുമായി നേരത്തെ രംഗത്തുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് ഒഴിപ്പിക്കാനെത്തിയ നഗരസഭ അധികൃതരെ വ്യാപാരികളും സി.ഐ.ടി.യു നേതാക്കളും തടഞ്ഞിരുന്നു.
സഭാധികൃതരും വ്യാപാരികളും തമ്മിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കടകൾ ഒഴിപ്പിക്കാൻ നഗരസഭാ ജീവനക്കാരും പൊലീസും എത്തിയെങ്കിലും വ്യാപാരികൾ സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായത്തോടെ അന്ന് തടഞ്ഞത്. വ്യാപാര ഷെഡുകൾ നിലനിർത്തിക്കൊണ്ട് പണി നടത്തണമെന്നതായിരുന്നു ഇവരുടെ വാദം. എന്നാൽ, കെട്ടിട നിർമാണങ്ങൾക്ക് ഇത് തടസ്സമാകുന്നതിനാൽ വ്യാപാരികളോട് ഒഴിയാൻ ഹൈകോടതി ഉത്തരവിട്ടു.
സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്നതിനാലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ എത്തുന്നതിനാലും പ്രാദേശിക സി.പി.എം, സി.ഐ.ടി.യു പ്രവർത്തകർക്ക് പ്രതിഷേധത്തിൽനിന്ന് പിന്നോട്ടടിക്കേണ്ടിയും വന്നു. മാർക്കറ്റ് ശിലാസ്ഥാപനത്തിന്റെ സ്വാഗതസംഘം രൂപവൽകരണ യോഗത്തിൽ മന്ത്രി സജി ചെറിയാനെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി എതിർപ്പിന്റെ മുനയൊടിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഹരജി വ്യാപാരികൾ കഴിഞ്ഞ ദിവസം പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

