തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ മുണ്ടിനീര് വ്യാപിക്കുന്നു
text_fieldsആലപ്പുഴ: ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് (മംപ്സ്) പടരുന്നതിന് ശമനമില്ല. മാസങ്ങൾക്കുമുമ്പ് അമ്പലപ്പുഴ പ്രദേശത്ത് മുണ്ടിനീര് വ്യാപകമായതിനെ തുടർന്ന് സ്കൂളുകൾ അടച്ചിടേണ്ടിവന്നു. അത് കെട്ടടങ്ങിയെന്ന് കരുതിയിരിക്കവെയാണ് ഇപ്പോൾ തൃക്കുന്നപ്പുഴ, ഹരിപ്പാട് ഭാഗത്തെ രോഗവ്യാപനം.
വാക്സിൻ നിർത്തിയതാണ് രോഗബാധ വ്യാപകമാകാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. തൃക്കുന്നപ്പുഴയിൽ മൂന്ന് സ്കൂളുകൾ അടച്ചു. ഹരിപ്പാട്ട് രണ്ട് സ്വകാര്യ സ്കൂളുകളുടെ കെ.ജി വിഭാഗങ്ങൾ പൂട്ടി. തൃക്കുന്നപ്പുഴയിൽ സെപ്റ്റംബർ 12 മുതൽ സ്കൂളുകൾ അടച്ചിരിക്കുകയാണ്.
ഗവ. എൽ.പി.എസിലാണ് രോഗവ്യാപനം തുടങ്ങിയത്. അവിടെ 30ലേറെ കുട്ടികൾക്ക് രോഗബാധയുണ്ടായി. പാനൂർക്കര ഗവ. യു.പി.എസിൽ 10 പേർക്കും രോഗം ബാധിച്ചു. പല്ലന എൽ.പി.എസും അടച്ചു. പാനൂർക്കരയിൽ മദ്റസകളും അടച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും രോഗബാധയുണ്ട്. അവിടങ്ങളിലും സ്കൂളുകൾ കുറഞ്ഞത് 21 ദിവസമെങ്കിലും അടച്ചിടുന്നു.
ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതിപ്രകാരം 2017 മുതൽ മുണ്ടിനീരിന് വാക്സിന് നല്‍കുന്നില്ല. എം.എം.ആര്. (മംപ്സ്, മീസില്‍സ്, റുബല്ല) വാക്സിന് പകരം ഇപ്പോള്‍ എം.ആര്. വാക്സിനാണ് (മീസില്‍സ്, റുബല്ല) സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്നത്. ഇപ്പോഴും സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ എം.എം.ആർ വാക്സിൻ ലഭിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിലാണ് എം.ആർ വാക്സിൻ മാത്രമാക്കിയത്. ബഹുഭൂരിഭാഗം രക്ഷകർത്താക്കളും സർക്കാർ ആശുപത്രികളെയാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ ആശ്രയിക്കുന്നത്.
സ്വകാര്യആശുപത്രികളിൽ എം.എം.ആർ വാക്സിന് വലിയ വിലയാണ്. എം.എം.ആർ വാക്സിൻ നൽകൽ പുനരാരംഭിക്കണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. എം.എം.ആർ വാക്സിൻ പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അടിയന്തരമായി ഇടപെടണം -രമേശ് ചെന്നിത്തല
ഹരിപ്പാട്: തൃക്കുന്നപ്പുഴ മേഖലയിൽ മുണ്ടിനീര് പടർന്ന് പിടിക്കുന്നത് തടയാൻ ആരോഗ്യവകുപ്പ് സംവിധാനങ്ങൾ അടിയന്തരമായി വിന്യസിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഗൗരവമായി പരിഗണിക്കുമെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല അറിയിച്ചു.
രോഗപ്പകർച്ച ഒഴിവാക്കാൻ ശ്രദ്ധിക്കണം
അസുഖബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കണം. മുണ്ടിനീരിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. പനി പോലെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുടിവെള്ളം പങ്കിടാൻ അനുവദിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

