റെയിൽവേ വികസനം; ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞ് എം.പി; മറുപടിയുമായി റെയിൽവേ
text_fieldsകൊച്ചി: ജില്ലയുടെ റെയിൽവേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിർദേശങ്ങളും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങിന് മുന്നിൽ എണ്ണിപ്പറഞ്ഞ് ഹൈബി ഈഡൻ എം.പി. ട്രെയിൻ യാത്രികർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ മാതൃകാനടപടി വേണമെന്ന് തിരുവനന്തപുരത്ത് നടന്ന റെയിൽവേ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.
റെയിൽവേ നിർമാണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകളിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ പഴക്കം ചെന്ന കോച്ചുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യത്തിന് പുതിയ കോച്ചുകൾക്ക് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
പുതിയ ടെർമിനൽ വേണമെന്ന് എം.പി, പരിശോധനയിലെന്ന് റെയിൽവേ
എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് പരിഹരിക്കാൻ എറണാകുളം മാർഷലിങ് യാർഡിനെ നാല് പ്ലാറ്റ്ഫോമുകളുള്ള ഒരു പുതിയ ടെർമിനലായി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കൂടുതൽ പിറ്റ് ലൈനുകളും സ്റ്റേബിളിങ് ലൈനുകളും നിർമിച്ച് നിലവിലുള്ള കോച്ചിങ് ഡിപ്പോ വികസിപ്പിക്കണമെന്ന ദീർഘകാല ആവശ്യം ഹൈബി ഈഡൻ എം.പി വീണ്ടും ഉന്നയിച്ചു. അതേസമയം എറണാകുളം മാർഷലിങ് യാർഡിൽ പുതിയ ടെർമിനൽ വികസിപ്പിക്കാനുള്ള എം.പിയുടെ അഭ്യർഥന പരിശോധനയിലാണെന്ന് ദക്ഷിണ റയിൽവേ ജനറൽ മാനേജർ അറിയിച്ചു.
നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ലക്ഷ്യമിട്ടിരുന്ന പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എറണാകുളം സൗത്തിൽ റീ ടെൻഡർ വേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നും കാലതാമസം കൂടാതെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമം തുടരുമെന്നും ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷന്റെ സമീപത്തെ ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് ഒരു ഭാഗം ഭൂമി ഏറ്റെടുത്ത് ഒന്നാം പ്ലാറ്റ്ഫോം വീതി കൂട്ടുന്നതിന് എം.പി നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ നോർത്ത് പ്ലാറ്റ്ഫോം വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും നിലവിലെ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെട്ടിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.
‘പുതിയ ട്രെയിനുകൾ വേണം’
ചെന്നൈ- എറണാകുളം വന്ദേ ഭാരത്, എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എന്നിവയുൾപ്പെടെ ഏഴ് പുതിയ ട്രെയിനുകൾ എറണാകുളത്തേക്ക് അനുവദിക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. എന്നാൽ, ചെന്നൈ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് എന്ന പുതിയ വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നത് റെയിൽവേ ബോർഡിന്റെ പരിധിയിൽ വരുന്ന നയപരമായ കാര്യമാണെന്നായിരുന്നു അധികൃതരുടെ യോഗത്തിലെ മറുപടി.
തിരുവനന്തപുരത്തിനും ബെംഗളൂരുവിനും ഇടയിൽ എറണാകുളം വഴി പുതിയ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കുന്നത് സംബന്ധിച്ച് സമയക്രമം തയാറാക്കി റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും ദക്ഷിണ റയിൽവേ ജനറൽ മാനേജർ അറിയിച്ചു.
എൻ.ഒ.സി ലഭിക്കുന്നതിലെ കാലതാമസം
റെയിൽവേ ട്രാക്കുകൾക്ക് സമീപം താമസിക്കുന്നവർക്ക് വീടുകളുടെയും മറ്റും പുനർനിർമാണത്തിന് എൻ.ഒ.സി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്നും പരിഹാരം വേണമെന്നും എം.പി പറഞ്ഞു. കുമ്പളം റെയിൽവേ സ്റ്റേഷന് സമീപമുള്ള കുമ്പളം ഗേറ്റ് എന്നറിയപ്പെടുന്ന ലെവൽ ക്രോസിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ ഇവിടെ റോഡ് ഓവർ ബ്രിഡ്ജ് പണിത് റോഡ് ഗതാഗതം സുഗമമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ലെവൽ ക്രോസിനു പകരം ഒരു ആർ.ഒ.ബി നിർമിക്കുകയാണെങ്കിൽ ലെവൽ ക്രോസിങ് സ്ഥിരമായി നിർമാണ കാലയളവിൽ അടച്ചിടേണ്ടി വരുമെന്നും കലക്ടർ അനുമതി നൽകിയശേഷം മാത്രമേ നടപടികൾ ആരംഭിക്കാനാവുകയുള്ളുവെന്നും റെയിൽവേ പറഞ്ഞു. തൃപ്പൂണിത്തുറ, കുമ്പളം, കളമശ്ശേരി, ഇടപ്പള്ളി റയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കണമെന്നും പ്രദേശവാസികളും ട്രെയിൻ യാത്രികരും ആവശ്യപെട്ടത് പോലെ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

