‘മിന്നലോട്ട’ത്തിന് മരുന്ന് മിന്നൽ പരിശോധന; മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ 211,500 രൂപ പിഴ
text_fieldsകാക്കനാട്: സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ അപകടകരമായ രീതിയിൽ സ്‌പീഡ് ഗവർണർ അഴിച്ചുമാറ്റി സർവിസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്നതായും ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്മെന്റ് മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി.
സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവിസ് നിർത്തിവെക്കാൻ നോട്ടിസ് നൽകി. വിവിധ നിയമലംഘനങ്ങളിലായി ആകെ 2,11,500 രൂപ പിഴ ഈടാക്കി. എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ, ഹൈകോടതി പരിസരം, ആലുവ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അമിതവേഗം, ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ആകെ 50 നിയമലംഘനങ്ങൾ കണ്ടെത്തി. റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

