കൊച്ചിയിൽ വീണ്ടും മോൻസൺ മാവുങ്കൽ മോഡൽ തട്ടിപ്പ്: പിടിയിലായത് മഹാരാഷ്ട്ര സ്വദേശിയായ 'കംപ്ലീറ്റ് വ്യാജൻ'
text_fieldsസമര് ഇസ്മായില് സാഹ
കൊച്ചി: അംഗരക്ഷകരും ആഡംബരക്കാറുകളും വ്യാജ രേഖകളുമൊക്കെയായി മോൻസൺ മാവുങ്കൽ മോഡലിൽ കൊച്ചിയിൽനിന്ന് കോടികൾ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശി പൊലീസ് പിടിയിൽ. രത്നഗിരിയിൽ നിന്നുള്ള സമർ ഇസ്മായീൽ സാഹയാണ്(45) എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള യുവ ബിസിനസുകാരെ വലയിലാക്കിയാണ് ഇയാൾ തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 'കംപ്ലീറ്റ് വ്യാജൻ' എന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്.
ഡാനിഷ് അലി എന്ന പേരിൽ പരിചയപ്പെടുത്തിയിരുന്ന ഇയാളുടെ പേരും വിലാസവും തിരിച്ചറിയൽ രേഖകളും തുടങ്ങി, ഇയാൾക്കൊപ്പം ഭാര്യയെന്നു പറഞ്ഞ് താമസിച്ചിരുന്ന സ്ത്രീ വരെ വ്യാജമായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന് ആദ്യം ലഭിച്ച രണ്ടു പരാതികളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തി.
തുടർന്ന് ലഭിച്ച പരാതിയിൽ ഇയാൾക്കെതിരെ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് വിവരങ്ങളാണ് ലഭിച്ചത്. ഇയാളുടെ അംഗരക്ഷകരെയും കൂടെ താമസിച്ചിരുന്ന സ്ത്രീയെയും പൊലീസ് തിരയുന്നുണ്ട്. കൊച്ചി കടവന്ത്ര - കതൃക്കടവു റോഡിൽ വാപി കഫേ എന്ന പേരിൽ ഗുഡ്കയും വടക്കേ ഇന്ത്യൻ രുചികളും വിളമ്പിയിരുന്ന കഫേയുടെ മറവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചിയിൽ പലയിടങ്ങളിലായി പകർത്തിയ ചരക്ക് കയറ്റിയിറക്ക് ചിത്രങ്ങൾ കാണിച്ച് ഇതെല്ലാം തന്‍റേതാണെന്ന് വിശ്വസിപ്പിച്ചിരുന്നു. ഇതിന് ഇയാളെ സഹായിച്ചിരുന്നത് നെട്ടൂർ സ്വദേശിയായ സഹായിയാണ്. തന്‍റെ ബിസിനസിൽ പണം നിക്ഷേപിച്ചാൽ വലിയ തുകയായി മടക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. വലിയ സമ്പന്നനാണെന്ന് വരുത്തി തീർക്കാൻ ആഡംബരകാർ ഉപയോഗിക്കുകയും ആഡംബര ഫ്ലാറ്റിൽ താമസിച്ചുമാണ് തട്ടിപ്പു നടത്തിയത്.
വലിയൊരു തുക ലഭിച്ചില്ലെങ്കിൽ ബിസിനസ് നഷ്ടമാകുമെന്നും നിക്ഷേപിച്ചാൽ ലാഭം സഹിതം തിരികെ നൽകുമെന്നും ഇയാൾ ഉറപ്പു നൽകി പണം വാങ്ങിയെടുക്കുകയായിരുന്നു. ആദ്യം അഞ്ചും പത്തും ലക്ഷം വരുന്ന ചെറിയ തുകകൾ വാങ്ങി കൃത്യമായി ലാഭം സഹിതം മടക്കി നൽകി വിശ്വാസം ആർജിക്കും. പിന്നീട് വലിയ തുകകൾ വാങ്ങി കേസ് വന്നതോടെ കൊച്ചിയിൽ നിന്ന് മുങ്ങി.
മഹാരാഷ്ട്രയിലെ ബാന്ധ്രയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. മിക്ക ആളുകളിൽ നിന്നും വലിയ തുകകൾ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങാതെ പണമായി വാങ്ങുന്നതായിരുന്നു പതിവ്. അതുകൊണ്ടു തന്നെ തെളിവില്ലാത്തതിനാൽ പരാതി ഉയരില്ലെന്നായിരുന്നു പ്രതീക്ഷ.
ഇത്തരത്തിൽ ശേഖരിച്ച പണം കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. എറണാകുളം നോർത്ത് എ.സി.പി ജയകുമാറിന്‍റെ നിർദേശത്തിൽ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ്, എസ്.ഐ എ. വിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

