'മെട്രോ കുരുക്ക്' നിയമസഭയിലും
text_fieldsകൊച്ചി: മെട്രോ നിർമാണ പ്രവർത്തനങ്ങൾ നഗരത്തെയൊന്നാകെ ഗതാഗത കുരുക്കിൽ പെടുത്തുമ്പോൾ നിയമസഭയിൽ നടപടി തേടി ഉമ തോമസ് എം.എൽ.എ. മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായുള്ള രൂക്ഷമായ ഗതാഗത കുരുക്കും മറ്റു പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ഉമ തോമസ് ശ്രദ്ധ ക്ഷണിക്കൽ നടത്തി. വിഷയം പരിശോധിച്ചു വേണ്ട നടപടികൾ ചെയ്യാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം പൂർണമായും തൃക്കാക്കര നിയോജക മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും ഉമ തോമസ് അറിയിച്ചു. കാക്കനാട് കലക്ടറേറ്റ്, ഇൻഫോപാർക്ക്, കിൻഫ്ര, സെസ്, സ്മാർട്ട് സിറ്റി അടക്കമുള്ള ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന പ്രദേശത്ത് യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. മെട്രോയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 22 സമാന്തര റോഡുകൾ ബി.എം.ബി.സിയെക്കാൾ ഉയർന്ന നിലവാരത്തിൽ ടാറിങ് നടത്തുകയും നാല് പാലങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു മുമ്പ് ഇത്തരം മുന്നൊരുക്ക പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ഉമ തോമസ് സഭയിൽ വ്യക്തമാക്കി.
വ്യാപാരി സമൂഹം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയെ കുറിച്ച് ഓർമിപ്പിച്ച എം.എൽ.എ റോഡിൽ ഉടനീളം ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത് കൊണ്ട് കച്ചവടക്കാർ നേരിടുന്ന ദുരിതവും ചൂണ്ടിക്കാട്ടി. മെട്രോ നിർമാണം ജനങ്ങളുടെ നിത്യജീവിതത്തെ തന്നെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. 2026 മേയ് മാസത്തിലെ കണക്കുപ്രകാരം 38 ശതമാനം നിർമാണ പ്രവർത്തികൾ മാത്രമാണ് തീർത്തത്. നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രി
കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മെട്രോ നിര്‍മ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും കെ.എം.ആർ.എൽ, ട്രാഫിക് പൊലീസുമായി സഹകരിച്ച് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ തദ്ദേശീയമായി പരിശീലനം ലഭിച്ച ട്രാഫിക് വാര്ഡന്മാരെ വിന്യസിച്ചിട്ടുണ്ട്.
നിര്‍മ്മാണത്തിനായി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് ശേഷം ചില സ്ഥലങ്ങളില്‍ റോഡിന് വീതി കുറവായത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്റ് മാര്ട്ടിന് ചര്‍ച്ച് ജംഗ്ഷന്, കുന്നുംപുറം ജംഗ്ഷന്, പടമുഗള്‍ ജംഗ്ഷന്, ഈച്ചമുക്ക് ജംഗ്ഷന് എന്നിവിടങ്ങളിലെ ബാരിക്കേഡുകള്‍ പരമാവധി അകത്തേക്ക് മാറ്റി റോഡിന്റെ വീതി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ റോഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. പരമാവധി റോഡുകൾ വീതി കൂട്ടുന്നതും പരിഗണിക്കും.
പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തെ മൂന്ന് സെക്ടറുകളായി തിരിച്ച് ട്രാഫിക് പൊലീസിന്റെ ബൈക്ക് പെട്രോളിംഗും മൊബൈല്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ ട്രാഫിക് വാർഡന്മാരെയും പൊലീസിനെയും വിന്യസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബദൽ റോഡ്; 7.5കോടി അനുവദിച്ചേക്കും
പ്രധാന റോഡിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി സമാന്തര/ബദല്‍ റോഡുകള്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും വഴിതിരിച്ചുവിടല്‍ വിവരങ്ങളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ലഭ്യമായ സമാന്തര റോഡുകളില്‍ കൃത്യമായ ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ബദല്‍ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന കെ.എം.ആർ.എല്ലിന്റെ അപേക്ഷ നിലവില്‍ സര്‍ക്കാർ പരിഗണനയിലാണ്. മഴക്കാലം കണക്കിലെടുത്ത് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉറപ്പാക്കും. ഒന്നാം ഘട്ട നിർമ്മാണ സമയത്ത് ഉണ്ടായിരുന്ന മുന്നൊരുക്കങ്ങൾ രണ്ടാം ഘട്ടത്തിൽ ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രണ്ടാംഘട്ട നിർമ്മാണം മന്ദഗതിയിൽ ആണെന്നും വളരെ കുറച്ചു പ്രവൃത്തി മാത്രമേ നടന്നിട്ടുള്ളു എന്നും എത്രയും നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

