മാലിന്യം നിറഞ്ഞ് മെട്രോ സിറ്റി പ്രദേശം
text_fieldsഎൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷന് സമീപം എം.ഐ. ഇബ്രാഹീം ലൈനിലും കൊച്ചി മെട്രോ സിറ്റി
പദ്ധതിയുടെ സ്ഥലത്തും മാലിന്യം തള്ളിയനിലയിൽ
കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനു സമീപം കൊച്ചി മെട്രോ സിറ്റി പദ്ധതിക്കായി എടുത്തിരിക്കുന്ന സ്ഥലത്തും സമീപത്തെ എം.ഐ ഇബ്രാഹീം ലൈനിലും മാലിന്യം തള്ളൽ വ്യാപകം. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് പോകുന്ന റോഡു കൂടിയാണ് ഇത്. ഇവിടെ അസഹ്യമായ ദുർഗന്ധം വമിക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടുതലായി നിക്ഷേപിക്കപ്പെടുന്ന സാഹചര്യം കൊതുകുകളും രോഗാണുക്കളും പടരാൻ കാരണമാകുന്നു. പതിവായി മാലിന്യം നിക്ഷേപിക്കുന്നതിനാൽ ബിസിനസ് ഡിസ്ട്രിക്ട് പദ്ധതി പ്രദേശം തെരുവുനായ്ക്കൾ ആവാസകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. രാത്രി പൊലീസിന് കാര്യക്ഷമമായ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്. രാത്രിയിൽ മാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരികേന്ദ്രം
കാക്കനാട് സിവില്‍ ലൈന്‍ റോഡിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് മേഖലയിൽ കെ.എം.ആർ.എൽ മെട്രോ സിറ്റി പദ്ധതിയുടെ ഭാഗമായി എടുത്തിരിക്കുന്ന സ്ഥലങ്ങൾ ലഹരിമാഫിയകളുടെയും മറ്റും താവളമാകുന്നു.
ഇവിടം കാടുകയറി കിടക്കുന്നതിനാലാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മാഫിയ സംഘങ്ങൾ വിലസുന്നത്. ലഹരിയുമായി ബന്ധപ്പെട്ട് പലരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതും ഈ ഭാഗത്തുനിന്നുമാണ്. ഈ മേഖലയിൽ രാത്രി എഴിനുശേഷം ആള്‍സഞ്ചാരം കുറവാണ്. ഇത് മുതലാക്കിയാണ് മയക്കുമരുന്ന് സംഘങ്ങൾ എത്തുന്നത്. കൂടാതെ കാടുകയറിയ ഈ പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളലും തകൃതിയാണ്. സിവിൽ ലൈൻ കുന്നുംപുറം റോഡിലും കെ.എം.ആർ.എൽ പദ്ധതി പ്രദേശത്തും വ്യാപകമായി തള്ളിയ മാലിന്യം മുൻവർഷങ്ങളിൽ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, തങ്ങളുടെ സ്ഥലത്ത് അനധികൃതമായി കയറിയതായി കാണിച്ച് നഗരസഭക്ക് അന്ന് കെ.എം.ആർ.എൽ നോട്ടീസ് നൽകിയതും വിവാദമായിരുന്നു.