ജനപ്രിയം, ഈ നഗരംചുറ്റൽ; മെട്രോ സർക്കുലർ ബസുകൾക്ക് വൻ സ്വീകാര്യത
text_fieldsസര്‍ക്കുലര്‍ ഇലക്ട്രിക് ബസിൽ യാത്രക്കാർ
കൊച്ചി: മെട്രോ പാതകടന്നുപോകാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് മെട്രോ ഏർപ്പെടുത്തിയ സർക്കുലർ ബസുകൾക്ക് വൻ സ്വീകാര്യത. ആലുവ-എയര്‍ പോര്‍ട്ട്, കളമശ്ശേരി -മെഡിക്കല്‍ കോളജ്, കാക്കനാട് - ഇന്‍ഫോപാര്‍ക്ക്, ഹൈകോര്‍ട്ട്- എം.ജി റോഡ് റൂട്ടുകളിലായി ഇപ്പോള്‍ പ്രതിദിനം ശരാശരി 4600ലേറെ ആളുകളാണ് യാത്ര ചെയ്യുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 818 പേര് യാത്ര ചെയ്യുന്നു. സർവിസ് തുടങ്ങി ഇതേവരെ 1,34,317 പേര് യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ എറണാകുളം സൗത്ത് വരെയുള്ള സര്‍ക്കുലര്‍ സർവിസ് കൊച്ചിന് ഷിപ് യാര്‍ഡ് വഴി നേവല്‍ബേസിലേക്ക് നീട്ടിയിരുന്നു.
സ്ത്രീകൾക്കിടയിൽ വൻ ഹിറ്റ്
എം.ജി റോഡ്-ഹൈകോര്‍ട്ട് റൂട്ടില്‍ ആരംഭിച്ച സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് റൂട്ടിന് സ്ത്രീകൾക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ സര്‍ക്കുലര്‍ റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവരില്‍ 51 ശതമാനവും സ്ത്രീകളാണ്. ഈ റൂട്ടിലെ യാത്രക്കാരുടെ ശരാശരി പ്രായം 37. കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ നടത്തിയ സർവേയിലാണ് കണ്ടെത്തല്‍.
ഇത്തരം സർവിസുകളിലെ സ്ത്രീ യാത്രക്കാരുടെ ദേശീയ ശരാശരി 20 മുതല്‍ 30 ശതമാനം വരെ ആണെന്നിരിക്കേയാണ് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവിസ് വ്യത്യസ്തമാകുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാമെന്നതാണ് ഈ സർവിസുകളുടെ പ്രത്യേകത. പൂര്‍ണമായും ശീതീകരിച്ച ഇ- ബസ് വാട്ടര്‍ മെട്രോ, മെട്രോ റെയില്‍, റെയില്‍വേ സ്റ്റേഷന്, പ്രധാന ഷോപ്പിങ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവയെ കണക്ട് ചെയ്യുന്നു.
വെറും 20 രൂപക്ക് ഈ റൂട്ടില്‍ എവിടേക്കും യാത്ര ചെയ്യാം. 25 നും 47 നും ഇടയില്‍ പ്രായമുള്ള വര്‍ക്കിങ് പ്രൊഫഷണലുകളാണ് യാത്രക്കാരിലെ ഏറ്റവും വലിയ വിഭാഗം. തൊട്ടടുത്ത് വിദ്യാര്‍ഥികളാണ്. ബിസിനസുകാര്‍, വീട്ടമ്മമാര്‍, മുതിര്ന്നപൗരന്മാര് തുടങ്ങിയവരാണ് യഥാക്രമം തൊട്ടടുത്ത വിഭാഗങ്ങളിലുള്ളത്. സ്ത്രീയാത്രക്കാരില്‍ ഭൂരിഭാഗവും വര്‍ക്കിങ് പ്രഫഷണലുകളാണ്. യാത്രക്കാരില്‍ 45.1 ശതമാനവും സ്ഥിരം യാത്രക്കാരാണ്. 12.6 ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫീഡര്‍ ബസില്‍ യാത്ര ചെയ്യുന്നവരാണ്. 17.5 ശതമാനം യാത്രക്കാര്‍ വല്ലപ്പോഴും ഇതില്‍ യാത്രചെയ്യുന്നവരാണ്. സര്‍വ്വേ നടത്തുന്ന സമയം ആദ്യമായി യാത്രചെയ്യുന്ന 15. 4 ശതമാനം ആളുകളെ കണ്ടെത്തി.
നഗരഗതാഗതത്തിന് അനുയോജ്യം
ഇന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള പലവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ യാത്രക്ക് ബസിനെ ആശ്രയിക്കുന്നത് കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ സാഹചര്യത്തില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസിന് സ്ത്രീകൾക്കിടയിൽനിന്ന് ലഭിക്കുന്ന വലിയ വരവേല്പ് ശ്രദ്ധേയമാണ്. യാത്രക്കാരില്‍ കൂടുതലും വര്‍ക്കിങ് പ്രൊഫഷണലുകളാണ് എന്നതിനാല്‍ അവരുടെ സ്വകാര്യ വാഹന ഉപയോഗവും കുറയുന്നു. നഗരത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയാനും ഇത് കാരണമാകുന്നു.
മറ്റ് ഇന്ത്യന്‍ നഗരങ്ങളിലെ ബസ് സർവിസുകളില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. ഇവിടെയാകട്ടെ പകുതിയിലേറെയും സ്ഥിരം യാത്രക്കാരാണ്. ജോലിക്ക് പോകുന്നവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന യാത്രാ മാര്‍ഗമായി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സർവിസ് മാറിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സമയ ക്ലിപ്തത പാലിച്ചുള്ള സർവിസാണ് ഇതിന് സഹായിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

