എം.ഡി.എം.എ വീട്ടു പടിക്കൽ; സംഘത്തിലെ മൂന്നുപേർ പിടിയിൽ
text_fieldsഷിനുരാജ്, അബു താഹിർ, സംഗീത്
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എ ആവശ്യക്കാർക്ക് അവരുടെ സ്ഥലത്ത് എത്തിച്ചുകൊടുത്തിരുന്ന മൂന്നുപേരെ എക്സൈസ് സംഘം കലൂർ സ്റ്റേഡിയത്തിൽനിന്ന് സാഹസികമായി പിടികൂടി. കോട്ടയം ഈരാറ്റുപേട്ട പ്ലാമൂട്ടിൽ വീട്ടിൽ അബു താഹിർ (25), കൊല്ലം പരവൂർ കൂനയിൽ പുലിക്കുളത്ത് വീട്ടിൽ ഷിനുരാജ് (24), കൊല്ലം കോട്ടുവം കോണം കുന്നുവിള വീട്ടിൽ സംഗീത് (ഇക്രു- 19) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീം കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ അബുവിന്റെ പക്കൽനിന്ന് 2.5 ഗ്രാം എം.ഡി.എം.എയും ഷിനു രാജിന്റെയും സംഗീതിന്റെയും പക്കൽനിന്ന് 60 ചെറു പൊതികളിലായി 26 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
ഇവർ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. മുമ്പ് മയക്കുമരുന്ന് കേസിലെ പ്രതിയായ അബു ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവരികയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അബുവിനെ കീഴ്പ്പെടുത്തിയത്. ആവശ്യക്കാരുടെ ഓർഡർ പ്രകാരം അവരുടെ സ്ഥലത്ത് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു ഷിനു രാജും സംഗീതും ചെയ്തിരുന്നത്. ഷിനു രാജിനെയും സംഗീതിനെയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് കീഴ്പ്പെടുത്താനായത്. ലഹരിയിലായിരുന്ന ഇരുവരും എക്സൈസ് സംഘത്തെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. സംഗീതിനെ എക്സൈസ് സംഘവും നാട്ടുകാരും ചേർന്ന് വളഞ്ഞുപിടിക്കുകയായിരുന്നു. സംഗീത് കലൂർ സ്റ്റേഡിയത്തിനകത്തേക്ക് ഓടിക്കയറി. ഒളിച്ചിരുന്ന ഇയാളെ എക്സൈസ് സംഘത്തിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടുപിടിക്കാനായത്. രണ്ടാഴ്ചക്കിടെ കലൂർ സ്റ്റേഡിയം ഭാഗത്തുനിന്ന് ഏഴുപേരാണ് പിടിയിലായത്. ഇവരിൽനിന്ന് ആകെ 50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു.
പിടിയിലായ ശേഷവും ഇവരുടെ ഫോണുകളിലേക്ക് നിരവധിപേരാണ് വിളിച്ചുകൊണ്ടിരുന്നത്. അസി. കമീഷണർ ബി. ടെനിമോൻ, സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത്കുമാർ, എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സ്പെഷൽ സ്ക്വാഡ് സി.ഇ.ഒ ടി.ആർ. അഭിലാഷ്, ടി.പി. ജയിംസ്, പി.എസ്. ശരത്മോൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

