മട്ടാഞ്ചേരി ജല മെട്രോ ജെട്ടി നിർമാണം അവഗണനയുടെ ആഴക്കയത്തിൽ
text_fieldsമട്ടാഞ്ചേരി ജെട്ടിക്കുസമീപം ജല മെട്രോ ജെട്ടി നിർമാണത്തിന് സ്ഥാപിച്ച ബോർഡ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
മട്ടാഞ്ചേരി: രാജ്യത്തെ ആദ്യ ജല മെട്രോ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യവെ ആദ്യമായി പാസഞ്ചർ ബോട്ട് സർവിസ് എന്ന ആശയത്തിന് തുടക്കം കുറിച്ച മട്ടാഞ്ചേരിയിലെ ജല മെട്രോ ബോട്ട് ജെട്ടി നിർമാണം അവഗണനയുടെ പടുകുഴിയിൽ.
ബ്രിട്ടീഷ് ഭരണകാലത്താണ് മട്ടാഞ്ചേരി രാജകൊട്ടാരത്തിനോട് ചേർന്നുള്ള കായലിൽ ജെട്ടി നിർമിച്ച് എറണാകുളത്തേക്കും ഐലൻഡിലേക്കും ഹുസൂർ ജെട്ടിയിലേക്കും പാസഞ്ചർ ബോട്ട് സർവിസുകൾ ആരംഭിച്ചത്. കോവിലകം ജെട്ടിയെന്നായിരുന്നു ആദ്യ പേര്.കൊച്ചി രാജാവായിരുന്നു ഉദ്ഘാടനം ചെയ്തത്. രാജ്യ ചരിത്രത്തിൽതന്നെ ആദ്യമായിട്ടായിരുന്നു പാസഞ്ചർ ബോട്ട് സർവിസ് ആരംഭിച്ചത്. ഇക്കുറി ജല മെട്രോ പദ്ധതി ആരംഭിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചപ്പോൾ പദ്ധതിപ്രകാരം ആദ്യമായി പണി തീർക്കുന്ന ജെട്ടികളിൽ മട്ടാഞ്ചേരി ഉൾപ്പെട്ടിരുന്നെങ്കിലും പിന്നെ ആ പരിഗണന എങ്ങനെയോ ഇല്ലാതായി. ഇതുവരെ ജെട്ടി നിർമാണത്തിന് ഒരു ഇഷ്ടികപോലും വെക്കാനായിട്ടില്ല. നിർമാണത്തിന് പ്ലാനും അനുബന്ധ കാര്യങ്ങളും തയാറായെങ്കിലും പദ്ധതിക്ക് ഇറക്കിയ സാമഗ്രികൾ തിരികെ കയറ്റി കരാറുകാരൻ മുങ്ങുകയായിരുന്നു. വിവരാവകാശ രേഖകൾ പ്രകാരം ഏഴുകോടി രൂപ കരാറുകാരൻ കൈപ്പറ്റിയതായി ചൂണ്ടിക്കാട്ടുന്നു.
പിന്നീട് ജെട്ടിക്കായി നിരവധി ജനകീയ സമരങ്ങൾ നടന്നെങ്കിലും ഇതുവരെ ഒരു നിർമാണ നീക്കവും ഉണ്ടായില്ല. കഴിഞ്ഞവർഷം ഒരു ജനകീയ സമരവേദിയിലെത്തി എം.എൽ.എ മൂന്നു മാസത്തിനുള്ളിൽ ജെട്ടി നിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ആ വാക്കുകളും പാഴായി. പഴയ ജെട്ടിയാകട്ടെ കഴിഞ്ഞ നാലര വർഷമായി സർവിസ് നിലച്ചുകിടക്കുകയാണ്. ഫോർട്ട്കൊച്ചിയിലെ ജല മെട്രോ ജെട്ടി നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. മട്ടാഞ്ചേരിയോടുള്ള അവഗണനയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.