പ്രതിഷേധങ്ങൾ ഫലംകണ്ടു; മട്ടാഞ്ചേരിയിൽ കംഫർട്ട് സ്റ്റേഷൻ തയാർ
text_fieldsമട്ടാഞ്ചേരിയിലെ പുതിയ കംഫർട്ട് സ്റ്റേഷൻ
മട്ടാഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിനും പ്രതിഷേധ സമരങ്ങൾക്കും പരിഹാരമാകുന്നു. മട്ടാഞ്ചേരിയിൽ കംഫർട്ട് സ്റ്റേഷൻ തയാറായി. അടുത്ത മാസം ഒന്നിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മേഖലകളിൽ ഒന്നായ മട്ടാഞ്ചേരിയിലെ പ്രധാന ഭാഗത്ത് ശൗചാലയ സൗകര്യമില്ലാത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിദേശ സഞ്ചാരികൾ തുറന്ന സ്ഥലത്ത് പരസ്യമായി മൂത്രശങ്കയകറ്റി ഇവിടെ പ്രതിഷേധം നടത്തിയത് ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു.
ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച മട്ടാഞ്ചേരി കൊട്ടാരം, മട്ടാഞ്ചേരി പരദേശി സിനഗോഗ് തുടങ്ങിയ സ്മാരകങ്ങളും സഞ്ചാരികളുടെ ആകർഷിക്കുന്ന ജൂത തെരുവ്, ബോട്ട് ജെട്ടി, വാട്ടർ മെട്രോ ജെട്ടി, ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ, കുട്ടികളുടെ പാർക്ക്, ആശുപത്രി എന്നിവ തോളോട് തോൾ ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തത് വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. കൊച്ചി നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ ഇവിടെ ഉണ്ടായിരുന്നെങ്കിലും നാലുവർഷം മുമ്പ് അടച്ചുപൂട്ടുകയായിരുന്നു. തുടർന്ന് നവീകരണപ്രവർത്തനങ്ങൾക്ക് ശേഷം തുറന്നുകൊടുക്കുമെന്ന് അന്നത്തെ ഡെപൂട്ടി മേയറും ഡിവിഷൻ കൗൺസിലറുമായിരുന്ന കെ.എ. അൻസിയ പറഞ്ഞിരുന്നെങ്കിലും കാര്യങ്ങൾ മുന്നോട്ട് പോയില്ല.
പുതിയ കൗൺസിൽ വന്നതോടെ ഡിവിഷൻ കൗൺസിലർ ഷീജ നവാസിനോട് കംഫർട്ട് സ്റ്റേഷന് പ്രഥമ പരിഗണന നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. പുരുഷൻമാർക്ക് ഏഴും സ്ത്രീകൾക്ക് ആറു മുറികളുമായി മൊത്തം 13 ടോയ്‍ലറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മറ്റൊരു പ്രധാന ടൂറിസം കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയിൽ ടോയ്‍ലറ്റ് നിർമാണം നീണ്ടു പോകുകയാണ്. അനുമതി വാങ്ങിയില്ല എന്ന പേരിൽ കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് ഫോർട്ട് കൊച്ചിയിൽ പണിതുടങ്ങിയ ടോയ്‍ലറ്റ് കെട്ടിടത്തിന് റവന്യു വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സൗത്ത് ബീച്ചിൽ നഗരസഭ പണിയുന്ന ടോയ്‍ലറ്റ് നിർമാണവും നിലച്ച് കിടക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

