പുല്ലേപ്പടിയിൽ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം
text_fieldsപുല്ലേപ്പടി പാലത്തിനു സമീപം ആക്രിഗോഡൗണിലുണ്ടായ തീപിടിത്തം
കൊച്ചി: നഗരത്തെ നടുക്കി വീണ്ടും തീപിടിത്തം. പുല്ലേപ്പടി പാലത്തിനു സമീപമുള്ള ആക്രി ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. ഗാന്ധിനഗർ അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുല്ലേപ്പടി പാലം കഴിഞ്ഞ് സി.പി. ഉമ്മർ റോഡ് ആരംഭിക്കുന്നിടത്തെ ജംഗ്ഷനിലെ കെട്ടിടത്തിലാണ് തീപടർന്നത്.
കഴിഞ്ഞ ഒരു വർഷത്തോളമായി പൂട്ടിക്കിടക്കുകയായിരുന്നു ഈ ആക്രിക്കട. ലൈസൻസ് പുതുക്കി വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ടി അറ്റകുറ്റപണി നടത്തുകയായിരുന്നു. തട്ട് പണിയുന്നതിനായി വെൽഡിങ് ചെയ്യുന്നതിനിടെ തീപ്പൊരി വീണ് താഴെ കൂട്ടിയിട്ട ഫർണിച്ചറുകളിൽ തീപിടിക്കുകയായിരുന്നു. ഗോഡൗണിന്‍റെ ഉൾവശത്ത് തീ ഉയരത്തിൽ ആളിപ്പടർന്നു. മുകളിലേക്ക് വൻതോതിൽ പുക ഉയരുകയും ചെയ്തു. തൊട്ടുചേർന്ന് അപ്പാർട്ട്മെൻറുകളും ഇതേ കെട്ടിടത്തിൽ തന്നെ ചെറുകിട ഹോട്ടലും റേഷൻ കടയും പ്രവർത്തിച്ചിരുന്നു. ഇവിടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
താൽകാലിക ലൈസൻസ് നമ്പർ കിട്ടി വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിനു വേണ്ടി അറ്റകുറ്റപണി ചെയ്യുകയായിരുന്നുവെന്നും രണ്ടു പണിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഗോഡൗൺ നടത്തുന്ന സഫ്‍വാൻ വ്യക്തമാക്കി. തൊട്ടടുത്തുള്ള റേഷൻ കടയിൽ മണ്ണെണ്ണയും ചായക്കടയിൽ ഗ്യാസ് സിലിണ്ടറും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞയുടൻ ഗാന്ധിനഗർ ഫയർസ്റ്റേഷനിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി അരമണിക്കൂറിലേറെ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കെട്ടിടത്തോട് തൊട്ടുചേർന്നുള്ള അപ്പാർട്ട്മെൻറിലെ പൈപ്പ് ലൈനുകൾ തീയിൽ ഉരുകിനശിച്ചതായി പരാതിയുണ്ട്. സംഭവമറിഞ്ഞ് നിരവധി പേർ കെട്ടിടത്തിനു മുന്നിൽ തടിച്ചുകൂടി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

