യാത്രക്കിടെ കുഴഞ്ഞുവീണയാൾക്ക് തുണയായി ‘മലയാളീസ്’
text_fieldsകുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായ മലയാളീസ് ബസിലെ ജീവനക്കാര്‍
അരൂർ: കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി സ്വകാര്യബസ് ജീവനക്കാർ. തിരക്കേറിയ ട്രിപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ബസുമായി കുതിച്ച ‘മലയാളീസ്’ എന്ന ബസിലെ ജീവനക്കാര്‍ സ്വന്തം ജീവിതമല്ല, ജീവനാണ് വലുതെന്ന് തെളിയിച്ചു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് എഴുപുന്ന മാറേത്ത് നികര്‍ത്ത് സുരേന്ദ്രനാണ് (59) രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ബസില്‍ കുഴഞ്ഞുവീണത്. ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തിനുപോയ ബസില്‍ രാവിലെ 7.10നായിരുന്നു സംഭവം.
പി.എസ് കവലയില്‍നിന്ന് കയറി വൈറ്റിലക്ക് ടിക്കറ്റെടുത്ത സുരേന്ദ്രന് എഴുപുന്ന എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. യാത്രക്കാരടക്കം പരിഭ്രമിച്ചപ്പോള് ബസ് ജീവനക്കാര്‍ ഉടന്‍ യാത്രക്കാരനെ എരമല്ലൂരിലെ പുന്നപ്പുഴ നഴ്സിങ് ഹോമിലെത്തിച്ചു. അവിടെ നിന്ന് പരിശോധനക്കുശേഷം ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നഴ്സിങ് ഹോമിലെ പരിശോധന കഴിയും വരെ യാത്രക്കാരെ കാര്യങ്ങള്‍ ബോധിപ്പിച്ച ഡ്രൈവര്‍ സുമേഷ്, കണ്ടക്ടര്‍ ശ്രീജിത്ത്, ജീവനക്കാരൻ സജീഷ് (ജീമോന്‍) എന്നിവര്‍ ഒപ്പം നിന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് രോഗിയെ എറണാകുളത്തിന് ആംബുലന്‍സില്‍ കയറ്റിവിട്ടശേഷമാണ് യാത്രക്കാരുമായി സ്വകാര്യബസ് യാത്ര തുടര്‍ന്നത്. ഒരുദിവസത്തെ നിരീക്ഷണത്തിനുശേഷം സുരേന്ദ്രനെ ശനിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍ അറിയിച്ചതായി മകള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

