രണ്ടാം തരംഗത്തിലും അശരണർക്ക് ആശ്വാസമായി മഹാത്മ സ്നേഹ കിച്ചൻ
text_fieldsമഹാത്മാ സ്നേഹ കിച്ചനിൽ ഹൈബി ഈഡൻ എം.പിയും രമേശ് പിഷാരടിയും ഗായകൻ അഫ്സലും ചേർന്ന് ഭക്ഷണം വിളമ്പുന്നു
മട്ടാഞ്ചേരി: കോവിഡിെൻറ ഒന്നാം തരംഗത്തിൽ അശരണർക്ക് ആശ്വാസമായി മാറിയ മഹാത്മാ സ്നേഹ കിച്ചൻ രണ്ടാം തരംഗത്തിലും താരമാകുന്നു. ഒന്നാം തരംഗത്തിൽ സാമൂഹിക അടുക്കള നടത്തിയവരിൽ ഭൂരിഭാഗവും രണ്ടാം തരംഗത്തിൽ പിന്മാറിയപ്പോൾ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് മുന്നേറുകയാണ് മഹാത്മാ സ്നേഹ കിച്ചൻ. പടിഞ്ഞാറൻ കൊച്ചിയിൽ രോഗ ബാധിതരായ ഭൂരിഭാഗം പേർക്കും ഭക്ഷണം എത്തിക്കാൻ കൗൺസിലർമാർ നെട്ടോട്ടമോടുമ്പോഴാണ് മഹാത്മാ സ്നേഹ കിച്ചൻ സുമനസ്സുകളുടെ സഹായത്തോടെ ആശങ്കയില്ലാതെ പ്രവർത്തിക്കുന്നത്.
ഒന്നാം തരംഗത്തിൽ 5000 പേർക്ക് ദിവസേന ഭക്ഷണം വിളമ്പിയ മഹാത്മാ സ്നേഹ കിച്ചൻ രണ്ടാം തരംഗത്തിൽ മൂവായിരത്തോളം പേർക്കാണ് മൂന്ന് നേരം ഭക്ഷണം വിളമ്പുന്നത്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് മഹാത്മയുടെ പ്രത്യേകത.
മട്ടൻ ചാപ്സ്, ചിക്കൻ കറി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, മീൻ കറിയും ഊണും, ഫിഷ് ബിരിയാണി, തക്കാളി ചോറ്, ചെമ്മീൻ ബിരിയാണി,അപ്പം,ഇടിയപ്പം,ചപ്പാത്തി,സേമിയ ഉപ്പ്മാവ്,ഇഡലി,നെയ്ചോർ തുടങ്ങി രുചിയൂറും വിഭവങ്ങളാണ് ഓരോ രോഗ ബാധിതരുടെയും വീടുകളിലേക്ക് ആവശ്യാനുസരണം എത്തുന്നത്.
ഒരു മാസം മുമ്പാണ് രണ്ടാം തരംഗത്തിൽ സ്നേഹ കിച്ചൻ ആരംഭിച്ചത്. അതിന് മുമ്പ് 1000 പേർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകുകയായിരുന്നു.
എന്നാൽ, ഭക്ഷണം ലഭിക്കാതെ രോഗബാധിതരും നിരീക്ഷണത്തിലിരിക്കുന്നവരും ബുദ്ധിമുട്ടുന്ന വിവരം സ്നേഹ കിച്ചൻ കോഓഡിനേറ്റർ ഷമീർ വളവത്തിന് ലഭിക്കുകയും ഇതിനെ തുടർന്ന് കച്ചി മേമൻ അസോസിയേഷെൻറ അധീനതയിലുള്ള ഷാദി മഹൽ കിച്ചനായി വിട്ട് കൊടുക്കുകയുമായിരുന്നു.
കോവിഡിന് പുറമേ കടലാക്രമണവും ദുരിതം വിതച്ച ചെല്ലാനത്തേക്ക് ഭക്ഷണം നൽകിയാണ് രണ്ടാംഘട്ടം തുടക്കം കുറിച്ചത്. ഇപ്പോൾ പടിഞ്ഞാറൻ കൊച്ചിയിൽ മിക്കവാറും എല്ലായിടങ്ങളിലും സ്നേഹ കിച്ചനിൽനിന്നുള്ള ഭക്ഷണം മൂന്ന് നേരവും എത്തുന്നു. ഇതിന് പുറമേ വൈകീട്ട് ആലുവ മുതൽ എറണാകുളം സൗത്ത് വരെ വഴിയിൽ കഴിയുന്നവർക്കും ഭക്ഷണം നൽകുന്നുണ്ട്.
കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് എല്ലാ ദിവസവും ചായയും പലഹാരവും നൽകുന്നുണ്ട്. കോവിഡ് കാലത്ത് മികച്ച സേവനം നടത്തുന്ന ആശാ വർക്കർമാർ, മൃതദേഹം സംസ്കരിക്കുന്നവർ എന്നിവരെ സ്നേഹ കിച്ചൻ ഭക്ഷ്യക്കിറ്റുകൾ നൽകി ആദരിച്ചു. മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.
കഴിഞ്ഞ ഈദിന് ആയിരം പേർക്ക് ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യക്കിറ്റുകൾ നൽകി. ഇതിന് പുറമേ മരുന്നും ഓക്സി മീറ്ററുകളും നൽകി വരുന്നു. ആശുപത്രികളിലേക്ക് ഓക്സിജൻ നൽകിയും മഹാത്മാ സ്നേഹ കിച്ചൻ മാതൃകയായി. മുപ്പതോളം വളൻറിയർമാരാണ് ഭക്ഷണം എല്ലാ വീടുകളിലും എത്തിക്കുന്നത്.
കച്ചി മേമൻ അസോസിയേഷെൻറ സഹകരണത്തോടെ നടത്തുന്ന മഹാത്മാ സ്നേഹ കിച്ചന് ഷമീർ വളവത്ത്,റഫീക്ക് ഉസ്മാൻ സേട്ട്,അസീസ് ഇസ്ഹാഖ് സേട്ട് ,റാസിഖ് ഉസ്മാൻ സേട്ട് എന്നിവർ നേതൃത്വം നൽകുന്നു. കോവിഡ് രൂക്ഷത കുറയും വരെ സ്നേഹ അടുക്കളയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

