കൊച്ചി നഗരത്തിന് തിലകക്കുറിയാകാൻ മഹാരാജാസ് ഓഡിറ്റോറിയം
text_fieldsകൊച്ചി: നഗരത്തിന് തിലകക്കുറിയായി മഹാരാജ് ഓഡിറ്റോറിയം നിർമാണം അന്തിമഘട്ടത്തിൽ. നൂറ്റാണ്ടിന്റെ പെരുമ പേറുന്ന മഹാരാജാസ് കോളജിന്റെ ഓഡിറ്റോറിയമാണ് സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് 13 കോടി ചെലവഴിച്ച് പുനർ നിർമിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഓഡിറ്റോറിയം പൊതുജനങ്ങൾക്കായി തുറക്കും.
കോളജിലെ രാഷ്ട്രീയ പ്രതിഭകളെ പങ്കെടുപ്പിച്ച് 2007ൽ നടത്തിയ പ്രതിഭ സംഗമത്തിലാണ് 1975ൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ പുനർ നിർമാണമെന്ന ആശയം ഉരുത്തിരിഞ്ഞത്. അന്ന് സംസ്ഥാന മന്ത്രി സഭയിലെ അംഗങ്ങളും കോളജിലെ പൂർവ വിദ്യാർഥികളുമായിരുന്ന ഡോ. തോമസ് ഐസക്, ബിനോയ് വിശ്വം, എം.എൽ.എമാരായിരുന്ന സൈമൺ ബ്രിട്ടോ, എം.കെ. പുരുഷോത്തമൻ, എം.എം. മോനായി എന്നിവരടക്കമുള്ളവരാണ് ആ സംഗമത്തിൽ പങ്കെടുത്തത്. അന്നത്തെ കൂട്ടായ്മക്ക് ശേഷമാണ് 2008ൽ മാഹാരാജകീയമെന്ന വിപുലമായ സംഗമം നടത്തിയത്. ഇത് മൂന്ന് വട്ടം കൂടി നടന്നു.
കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്താണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുൻകൈ എടുത്ത് കിഫ്ബി ഫണ്ടിൽ നിന്നും 13 കോടി അനുവദിച്ച് ഓഡിറ്റോറിയത്തിന്റെ പുനർനിർമാണം ആരംഭിച്ചത്.മൂന്ന് നിലകളിലായി 3875 ചതുരശ്ര അടിയിലാണ് സജ്ജമാകുന്നത്.
ഒന്നാംനിലയിൽ 700 ഉം രണ്ടാം നിലയിൽ 350 ഉം സീറ്റുകളുള്ള ഓഡിറ്റോറിയത്തിന്റെ താഴത്തെ നില പാർക്കിങ്ങിനായാണ് ഉപയോഗിക്കുക. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കെട്ടിടം നിർമാണം പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ഔദ്യോഗിക പരിപാടികളിൽ നല്ലൊരുപങ്കും ഇവിടേക്കെത്തും. നിലവിൽ എറണാകുളം ടൗൺ ഹാൾ കേന്ദ്രീകരിച്ചാണ് ഇത്തരം പരിപാടികൾ ഭൂരിഭാഗവും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.