തദ്ദേശ ഫലം; കൊച്ചി നിയമസഭ മണ്ഡലത്തില്‍ ഇടതുമുന്നണി വിയർക്കേണ്ടി വരും
text_fieldsമട്ടാഞ്ചേരി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം കൊച്ചി നിയമസഭ മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. കൊച്ചി മണ്ഡലം പരിധിയിലെ 21 നഗരസഭ ഡിവിഷനുകളില്‍ എട്ടെണ്ണത്തിൽ മാത്രമാണ് എല്‍.ഡി.എഫിന് വിജയം കൈവരിക്കാൻ കഴിഞ്ഞത്. ഇതിൽ പല ഡിവിഷനുകളും ചെറിയ ഭൂരിപക്ഷത്തിലാണ് കരകയറാൻ കഴിഞ്ഞത്. യു.ഡി.എഫ് ഒമ്പത് ഡിവിഷനുകളില്‍ വിജയം കൊയ്തു. പല ഡിവിഷനുകളിലും മികച്ച ഭൂരിപക്ഷമാണ് കൈവരിച്ചത്. ഒരു സീറ്റ് യു.ഡി.എഫ് വിമതനും ജയിച്ചു. ഇവിടെയും രണ്ടാം സ്ഥാനം യു.ഡി.എഫ് നേടി.
ബി.ജെ.പി തങ്ങളുടെ ഗ്രാഫ് ഉയർത്തി മൂന്ന് ഡിവിഷനുകള്‍ കൈയ്യടക്കി. ഒരു സീറ്റ് ഇക്കുറി കൂടുതൽ നേടി. മട്ടാഞ്ചേരി മേഖലയില്‍ ഇടതുമുന്നണിക്ക് വലിയ ക്ഷീണമാണ് നേരിട്ടത്. ആകെ ഒരു ഡിവിഷന്‍ മാത്രമാണ് വിജയിക്കാനായത്. നേരത്തേ അഞ്ച് ഡിവിഷനുകള്‍ കൈയ്യിലുണ്ടായിരുന്നു. കൊച്ചി മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ട് പഞ്ചായത്തിലും യു.ഡി.എഫ് തകർപ്പൻ വിജയം നേടി. കഴിഞ്ഞ തവണ ചെല്ലാനം പഞ്ചായത്തിലെ ഒമ്പത് വാര്‍ഡില്‍ വിജയിച്ച എല്‍.ഡി.എഫ് ഇക്കുറി ഏഴിൽ ഒതുങ്ങി.
കഴിഞ്ഞ തവണ നാല് ഡിവിഷനില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ എണ്ണം പതിനഞ്ചായി ഉയര്‍ത്തുകയും ഭരണം പിടിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ചെല്ലാനം ട്വന്‍റി-20യുടെ കടന്നുവരവില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ട്വന്റി-20 ഇഫ്ക്ട് ഇവിടെ ഉണ്ടായതാണ് എല്‍.ഡി.എഫിന്റെ വിജയത്തിന് കാരണമായത്. ഇത്തവണ ട്വന്റി-20 ചിത്രത്തിലേ ഇല്ലായിരുന്നു. കുമ്പളങ്ങി പഞ്ചായത്തിലും എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടു.
കഴിഞ്ഞ തവണ ആറ് വാര്‍ഡുകളില്‍ ജയിച്ചെങ്കില്‍ ഇത്തവണ അഞ്ചായി ചുരുങ്ങി. 14 ഡിവിഷനില്‍ ജയിച്ച കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുകയും ചെയ്തു. ഇവിടെ ജില്ല പഞ്ചായത്തിലേക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും പരാജയം രുചിച്ചു. കഴിഞ്ഞ രണ്ട് തവണയും കൊച്ചി മണ്ഡലത്തില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോഴും യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിച്ച് പോയിരുന്നു. ആദ്യം റിബൽ ശല്യത്തിൽ കാലിടറിയപ്പോൾ കഴിഞ്ഞ തവണ ട്വന്‍റി 20യുടെ സാന്നിധ്യവും യു.ഡി.എഫിന് വിനയായി.
എന്നാൽ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ വൻ മുന്നേറ്റമാണ് മണ്ഡലത്തിൽ നടത്തിയത്. ഏതായാലും ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശരിക്കും വിയർക്കേണ്ടിവരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രാദേശിക വാദത്തിന്‍റെ അലയടികൾ മുഖവിലക്കെടുത്ത് പൊതു സ്വീകാര്യനായ യു.ഡി.എഫ് സ്ഥാനാർഥിയാണ് വരുന്നതെങ്കിൽ മണ്ഡലം കൈയ്യിലൊതുക്കാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

