സ്ഥാനാർഥികൾക്ക് ഇന്ന് ഉറക്കമില്ലാ രാത്രി; നാളെ അറിയും വിധി
text_fieldsകൊച്ചി: ജില്ലയിൽ 19,89,428 പേർ അടയാളപ്പെടുത്തിയ, വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമിൽ വിശ്രമിക്കുന്ന ജനവിധി പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. ഒരു നാളകലെ എല്ലാ കണ്ണും കാതും തുറന്നിരിക്കുക ജില്ലയിലെ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കാണ്. ആരു വാഴും, ആരുവീഴുമെന്നുള്ള ആകാംക്ഷയും ആശങ്കയുമെല്ലാം അവസാനിക്കുന്ന സമയത്തിലേക്ക് ഇനി പകലിന്റെയും രാവിന്റെയും ദൈർഘ്യം മാത്രം. അതുവരെ നെഞ്ചിടിപ്പുമായി സ്ഥാനാർഥികളും ഉറ്റവരും മുന്നണി നേതാക്കളും പ്രവർത്തകരുമെല്ലാം മണിക്കൂറുകളെണ്ണി കാത്തിരിക്കും.
ജയിക്കുമെന്ന് നൂറുശതമാനം ആത്മവിശ്വാസമുള്ള സ്ഥാനാർഥികൾക്കും ഒരുതരത്തിലും ജയിക്കാൻ സാധ്യതയില്ലെന്ന് സ്വയം ബോധ്യമുള്ള സ്ഥാനാർഥികൾക്കുമെല്ലാം ഇന്ന് മുന്നിലുള്ളത് ഉറക്കമില്ലാത്ത രാത്രിയാണ്. എങ്ങനെയെങ്കിലും നേരം പുലർന്ന് ഈ വോട്ടൊന്ന് എണ്ണിക്കഴിഞ്ഞാൽ മതിയായിരുന്നു എന്ന ചിന്തയിലാണ് ഏറെപ്പേരും. സ്ഥാനാർഥികളുടെ ആത്മവിശ്വാസ വർത്തമാനങ്ങൾ കൂടാതെ മുന്നണികളുടെയും പാർട്ടികളുടെയും ജയിക്കുമെന്ന അവകാശ വാദങ്ങളും നിറയുകയാണ് അന്തരീക്ഷത്തിൽ.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുൾപ്പെട്ട എറണാകുളം ജില്ലയുടേതുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വോട്ടും എണ്ണുന്നത് ശനിയാഴ്ചയാണ്. ഇതിനായി വോട്ടെണ്ണൽ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥാനാർഥികളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാനായി ട്രെൻഡ് സോഫ്റ്റ് വെയർ ഒരുങ്ങിയിട്ടുണ്ട്. ഇതിനായി ഓരോ കൗണ്ടിങ് സെന്ററിലും ട്രെൻഡ് എൻട്രി സെന്ററും ഒരുക്കാനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. രാവിലെ ആദ്യമണിക്കൂറിൽ തന്നെ ആദ്യഫലം അറിയാനാകുമെങ്കിലും പൂർണഫലം ഉച്ചയോടെയേ അറിയാനാവൂ എന്നാണ് വിലയിരുത്തൽ. നഗരസഭകളിലും കോർപറേഷനിലും ഒറ്റവോട്ടേ ഉള്ളൂ എന്നതിനാൽ പ്രക്രിയ കൂടുതൽ ലളിതമാകും. എന്നാൽ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ത്രിതല വോട്ടുകൾ ഉള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൂന്നുവോട്ടും ഒരേസമയം സമാന്തരമായാണ് എണ്ണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

