കൊച്ചി കോർപറേഷൻ തീരുമാനമാകാൻ രണ്ട് സീറ്റുകൾ; 22 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsകൊച്ചി: കൊച്ചി കോർപറേഷൻ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കച്ചകെട്ടിയിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഒരുചുവടു കൂടി മുന്നോട്ട്. ജനറൽ സീറ്റിൽ മത്സരിക്കുന്ന വനിത ഉൾപ്പെടെ കോൺഗ്രസിലെ 22 സ്ഥാനാർഥികളെക്കൂടി പരിചയപ്പെടുത്തിക്കൊണ്ട് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി. ആകെ 64 ഇടങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസിന് ഇനി രണ്ടിടങ്ങളിൽ കൂടിയാണ് പ്രഖ്യാപിക്കാനുള്ളത്.
അവശേഷിക്കുന്ന ഡിവിഷനുകളിലേക്ക് വെള്ളിയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്നും സർപ്രൈസ് സ്ഥാനാർഥികളായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. വനിത വാർഡായ ചെറളായി, ജനറൽ വാർഡായ രവിപുരം എന്നിവിടങ്ങളിലേക്കാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇവിടങ്ങളിലേക്ക് സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചയും ആശയക്കുഴപ്പവും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന സൂചനയുമുണ്ട്.
ആദ്യപട്ടികയിൽ ഇടംനേടാതിരുന്ന കൗൺസിലർമാരായ അഡ്വ. വി.കെ. മിനിമോൾ, ഹെൻട്രി ഓസ്റ്റിൻ, തുടങ്ങിയവരെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക ഇറങ്ങിയത്. കോൺഗ്രസിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഒരാളായ മിനിമോൾ ജനറൽ വാർഡായ പാലാരിവട്ടത്തുനിന്നാണ് ജനവിധി തേടുക. ഇവരുൾപ്പെടെ നാലു വനിതകളാണ് കോൺഗ്രസിനുവേണ്ടി ജനറൽ സീറ്റിൽ മാറ്റുരക്കുന്നത്. പുതുമുഖങ്ങളും വനിതകളും ഉൾപ്പെടുന്നതാണ് കോൺഗ്രസ് പട്ടിക. ഇതിനൊപ്പം മുൻ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി ഒരു സീറ്റ് സി.എം.പിക്ക് നൽകാനും തീരുമാനമായി.
ജനറൽ ഡിവിഷനായ കോണം പാർട്ടിക്ക് നൽകിയത്. ഇവിടെ രാജേഷ് മത്സരിക്കും. നിലവിൽ 76 ഡിവിഷനിൽ 64 കോൺഗ്രസ്, ഏഴ് മുസ്ലിം ലീഗ്, മൂന്ന് കേരള കോൺഗ്രസ്, ഒരു ആർ.എസ്.പി, ഒരു സി.എം.പി എന്നിങ്ങനെയാണ് യു.ഡി.എഫ് സ്ഥാനാർഥിനില. ലീഗുൾപ്പെടെ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്ത്രീകള്ക്ക് 60 ശതമാനം സംവരണമാണ് കോണ്ഗ്രസ് നല്കിയതെന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

