29ാം നാൾ ജില്ല വിധിയെഴുതും; തന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കണക്കുകൂട്ടലുകളും സ്ഥാനാർഥി നിർണയങ്ങളും അതിവേഗത്തിലാക്കി മുന്നണികൾ. രണ്ടുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യഘട്ടമായ ഡിസംബർ ഒമ്പതിനാണ് ജില്ലയിലെ വിധിയെഴുത്ത്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. കൊച്ചി കോർപറേഷൻ, ജില്ല പഞ്ചായത്ത്, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 നഗരസഭകൾ, 82 ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ ജില്ലയിൽ ആകെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്.
നിലവിൽ കൊച്ചി കോർപറേഷൻ എൽ.ഡി.എഫും ജില്ല പഞ്ചായത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. പൊതുവെ യു.ഡി.എഫ് ആധിപത്യം പുലർത്തുന്ന കോർപറേഷന്‍റെ ഭരണം തിരിച്ചുപിടിക്കുകയെന്നതാണ് യു.ഡി.എഫിന്‍റെ പ്രധാന ദൗത്യം. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെങ്കിലും ഘടകകക്ഷി ചർച്ചകളും സ്ഥാനാർഥി നിർണയവും ഏറെക്കുറെ പൂർത്തിയായി. വനിത മേയറെയാണ് ഇത്തവണ കൊച്ചി കാത്തിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ കൗൺസിലർ ദീപ്തി മേരി വർഗീസ്, മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷയുമായ അഡ്വ. വി.കെ. മിനിമോൾ തുടങ്ങിയവരാണ് യു.ഡി.എഫിലെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ.
എൽ.ഡി.എഫിൽ ഇതുസംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിട്ടില്ലെങ്കിലും കൗൺസിലറായ ദീപ വർമക്കാണ് സാധ്യത കൂടുതലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കോർപറേഷനിൽ യു.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
ജില്ലയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനുമിടയിൽ വലിയ മത്സരം നടക്കാറുണ്ടെങ്കിലും ബി.ജെ.പിക്ക് വലിയ സ്വാധീനം ചെലുത്താൻ മിക്കയിടത്തും സാധിക്കാറില്ല. ചില വാർഡുകളിൽ മാത്രമായി ഒതുങ്ങിപ്പോവുകയാണ് ഇവരുടെ സാന്നിധ്യം. എന്നാൽ, കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്‍റി20 പാർട്ടി ഈ മേഖലയിലും പരിസരങ്ങളിലും നിർണായക ശക്തിയാണ്. നിലവിൽ നാല് പഞ്ചായത്തും ഒരു ബ്ലോക്കും ഭരിക്കുന്ന ട്വന്‍റി20 തങ്ങളുടെ അധികാര മേഖല വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇത്തവണ കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കുമെന്ന് പാർട്ടി നേതാവ് സാബു എം. ജേക്കബ് വ്യക്തമാക്കി. തൃക്കാക്കര നഗരസഭയുൾപ്പെടെ നോട്ടമിടുകയും ഇവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് പാർട്ടി.
ലോഗോ പ്രകാശനം ഇന്ന്
കൊച്ചി: ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം സെന്‍റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
പോളിങ് സ്റ്റേഷനുകൾ 3014
കൊച്ചി: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ആകെ 3014 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 2168 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 492എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോർപറേഷനിലുമാണ്. ജില്ലയില്‍ 4650 കണ്‍ട്രോള്‍ യൂനിറ്റുകളും 11660 ബാലറ്റ് യൂനിറ്റുകളും സജ്ജമാണ്. തെരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, ബ്ലോക്ക്തല ട്രെയിനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നേരത്തേ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

