അനധികൃത ഓട്ടോ സർവീസ്: നഗരത്തിൽ മിന്നൽ പരിശോധന
text_fieldsഅനധികൃത സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ കൊച്ചി നഗരത്തിൽ നടത്തിയ പരിശോധന
കൊച്ചി: കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമാനുസൃതമല്ലാതെ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക മിന്നൽ പരിശോധന. അന്യ ജില്ലകളിൽ നിന്നെത്തി നഗരത്തിൽ അനധികൃതമായി സർവിസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താനും യാത്രക്കാർക്ക് പ്രത്യേകിച്ച്, സ്ത്രീകൾക്ക് സുരക്ഷിതവും ഭയരഹിതവുമായ യാത്ര അന്തരീക്ഷം ഉറപ്പാക്കാനുമാണ് എം.വി.ഡി സ്ക്വാഡുകൾ തെരുവിൽ പരിശോധന ശക്തമാക്കിയത്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 40 ഇ-ചല്ലാനുകൾ വഴി 1,17,750 രൂപ പിഴ ഈടാക്കി.
രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ആലുവ, വൈറ്റില ഹബ്, കളമശ്ശേരി, തൃപ്പൂണിത്തുറ, കാക്കനാട്, തുടങ്ങിയ തിരക്കേറിയ മേഖലകളിൽ 60 ഓട്ടോറിക്ഷകൾ പരിശോധിച്ചു. അന്യജില്ലകളിൽ രജിസ്റ്റർ ചെയ്ത ശേഷം നഗരത്തിൽ വന്ന് പെർമിറ്റില്ലാതെ അനധികൃതമായി ഓടുന്ന 10 ഓട്ടോറിക്ഷകൾ പരിശോധനയിൽ പിടികൂടി പിഴ ചുമത്തി.
ഫിറ്റ്നസ് ഇല്ലാത്ത ആറും നികുതി അടക്കാത്ത 16ഉം ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ചും ഓട്ടോറിക്ഷകൾക്കെതിരെയും യാതൊരു രേഖയുമില്ലാതെ വാഹനം ഓടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കൂടാതെ സ്റ്റേജ് ക്യാരേജ് ഉൾപ്പെടെ മറ്റു വാഹനങ്ങളിൽ കണ്ടെത്തിയ 176 നിയമലംഘനങ്ങൾക്ക് 4,10,000 രൂപ പിഴ ചുമത്തി. നഗരത്തിലെ യാത്ര സുരക്ഷ മുൻനിർത്തി ഇത്തരം പരിശോധന വരും ദിവസങ്ങളിലും ഊർജിതമായി തുടരുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

