‘പാഠം1: പുതുയുഗ വിദ്യാലയം’; ജില്ലയിൽ സ്കൂൾ പ്രവേശനോത്സവം ആഘോഷമാകും
text_fieldsഎറണാകുളം ഗവ.ഗേൾസ് എൽ.പി സ്കൂളിൽ പ്രവേശനോത്സത്തിന് അലങ്കാരങ്ങൾ ഒരുക്കുന്ന അധ്യാപകർ
കൊച്ചി: സന്തോഷവും പുതുപ്രതീക്ഷകളുമായി ജില്ലയിലെ പുതുവിദ്യാർഥി തലമുറ ഇന്ന് വിദ്യാലയങ്ങളിലേക്ക്. പുത്തനുടുപ്പും കളർ ബാഗും വർണക്കുടകളുമായെത്തുന്ന നാളത്തെ തലമുറയെ സ്വീകരിക്കാൻ അധ്യാപകരും ജനപ്രതിനിധികളും പൂർവ വിദ്യാർഥികളും സന്നദ്ധ സംഘടനകളുമടക്കം ചേർന്ന് വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. ‘പാഠം 1: പുതുയുഗ വിദ്യാലയം’ എന്നതാണ് ഇക്കുറി സ്കൂൾ പ്രവേശന മുദ്രാവാക്യമായി തിരഞ്ഞെടുത്തിട്ടുള്ളത്. വിളംബര ജാഥകളും അസംബ്ലികളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
ഒരുക്കം പൂർത്തിയാക്കി വിദ്യാലയങ്ങൾ
സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളെല്ലാം പരിസര ശുചീകരണം നടത്തിയും കെട്ടിട അറ്റകുറ്റപ്പണികൾ നടത്തിയും പെയിന്‍റടിച്ച് വർണാഭമാക്കിയുമാണ് വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങിയിട്ടുള്ളത്.
സ്കൂൾ കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ഫിറ്റ്നസ് അടക്കം നടത്തി പുതുക്കി അംഗീകാരം വാങ്ങുന്ന തിരക്കിലായിരുന്നു അധികൃതർ. സർക്കാർ സ്കൂളുകളിലടക്കം വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് കുട്ടികൾക്ക്. ചില സർക്കാർ സ്കൂളുകളിൽ സന്നദ്ധ സംഘടനകളുടെ പഠനോപകരണ വിതരണവും മധുരപലഹാര വിതരണവുമുണ്ടാകും.
984 സ്കൂളുകൾ
984 വിദ്യാലയങ്ങളാണ് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ജില്ലയിലുള്ളത്. ഇതിൽ 375 സർക്കാർ സ്കൂളുകളാണ്. 452 എൽ.പി സ്കൂളുകളും 205 ഹയർ സെക്കൻഡറിയും 34 വൊക്കേഷനൽ ഹയർ സെക്കൻഡറിയുമുണ്ട്. അഞ്ച് ടി.ടി.ഐ, രണ്ട് സ്പെഷൽ സ്കൂൾ, ഒന്നുവീതം കേന്ദ്രീയ വിദ്യാലയവും ജവഹർ നവോദയയുമുണ്ട്. കൂടാതെ 40 സി.ബി.എസ്.സിയും രണ്ട് ഐ.സി.എസ്.സി സ്കൂളുമുണ്ട്.
നവാഗതരായി 18,000ത്തിലധികം കുട്ടികൾ
ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് ഇക്കുറി 18,000ത്തിലധികം പേരെയാണ് വരവേൽക്കാൻ തയാറെടുത്തിരിക്കുന്നത്. ആറാമത് പ്രവൃത്തി ദിനത്തിലാണ് പുതിയ വിദ്യാർഥികളുടെ യഥാർഥ കണക്ക് പുറത്തുവരൂ. കഴിഞ്ഞ അധ്യയന വർഷം 18,342 കുട്ടികളാണ് സർക്കാർ, എയ്ഡഡ്-അൺഎയ്ഡഡ് വിദ്യാലയങ്ങളിലായി ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്; 9,290 ആൺകുട്ടികളും 9,052 പെൺകുട്ടികളും. സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ 5,015 പേരാണ് ചേർന്നത്.
ഇക്കുറി അതിനുമുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവർഷം ജില്ലയിൽ ആകെ 2,42,428 കുട്ടികളാണ് സ്കൂൾ പഠനം നടത്തിയത്; 1,23,169 ആൺകുട്ടികളും 1,19,259 പെൺകുട്ടികളും. 30,927 പേരാണ് കഴിഞ്ഞ വർഷം പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത്. ആൺകുട്ടികളാണ് ജില്ലയിൽ കൂടുതൽ പഠിതാക്കളായുള്ളത്.
സർക്കാർ വിദ്യാലയങ്ങളിൽ ബഹുഭാഷാ വേഷധാരികൾ
ജില്ലയിൽ സർക്കാർ സ്കൂളുകളിൽ വടക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ മക്കളാണ് പല സ്കൂളുകളിലും ഒന്നാം ക്ലാസിൽ കൂടുതൽ പ്രവേശനം നേടിയിരിക്കുന്നത്. എയ്ഡഡ്-അൺഎയ്ഡഡ് സ്കൂളുകളിലാണ് തദ്ദേശീയരായ കുട്ടികളധികവും ചേർന്നിരിക്കുന്നത്. വിവിധ ഭാഷകളും സംസ്കാരങ്ങളും ഒത്തുചേർന്ന് ഒരു മിനി ഇന്ത്യയായി സർക്കാർ വിദ്യാലയങ്ങൾ മാറുന്ന കാഴ്ചയാണ് സർക്കാർ സ്കൂളുകളിലുള്ളത്.
സർക്കാർ വിദ്യാലയങ്ങൾ കൈയൊഴിഞ്ഞ് മലയാളികളധികവും സ്വകാര്യസ്ഥാപനങ്ങളിലേക്ക് കൂടുമാറിയപ്പോൾ പല സർക്കാർ വിദ്യാലയങ്ങളെയും അധ്യാപകരുടെ ജോലിയെയും നിലനിർത്തുന്നത് അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ സാന്നിധ്യമാണ്. എൽ.കെ.ജി മുതൽ വിദ്യാർഥികളെ സ്വന്തം ചെലവിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും പ്രവേശനം നൽകിയാണ് സർക്കാർ സ്കൂളുകളധികവും നിലനിൽക്കുന്നത്.
പഠനോപകരണങ്ങളുമായി സന്നദ്ധ സംഘടനകൾ
വിദ്യാലയത്തിന്‍റെ വാതിലുകൾ തുറക്കുമ്പോൾ രക്ഷാകർത്താക്കൾക്കും പഠിതാക്കൾക്കും ആധിയാണ്. പെട്രോളിന്‍റെയും പാചക വാതകത്തിന്റെയുമടക്കം വില വർധനവിനൊപ്പം ബാഗടക്കമുള്ള പഠനോപകരണങ്ങളുടെയും വില വർധിച്ചപ്പോൾ സർക്കാർ തുടക്കക്കാർക്ക് നൽകുന്ന സ്കൂൾ യൂനിഫോം വസ്ത്രവും പാഠപുസ്തകവും പഠനോപകരണങ്ങളുമാണ് ആശ്വാസം. ചിലയിടങ്ങളിൽ സന്നദ്ധ സംഘടനകളും പൂർവ വിദ്യാർഥി കൂട്ടായ്മകളും പഠനോപകരണങ്ങളും മറ്റും നൽകുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. നോട്ട്ബുക്കുകളുടെയടക്കം ജി.എസ്.ടി എടുത്തുകളഞ്ഞത് ചെറിയ ആശ്വാസം നൽകിയെങ്കിലും സ്കൂൾ ഫീസും വാൻ ഫീസുമടക്കം താങ്ങാനാവാത്ത ഭാരമാണ് രക്ഷിതാക്കൾക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

