നഗരം ലഹരി നുണഞ്ഞ 2025; കഴിഞ്ഞ വർഷം സിറ്റിയിൽ മാത്രം 3005 എൻ.ഡി.പി.എസ് കേസുകൾ
text_fieldsകൊച്ചി: ഒറ്റ വർഷം, കൊച്ചി സിറ്റി പരിധിയിൽ പൊലീസ് രജിസ്റ്റർ ചെയ്തതത് 3005 ലഹരിക്കേസുകൾ. ഈ കേസുകളിലെല്ലാമായി പൊലീസ് പിടികൂടിയത് 3325 പേരെയാണ്. 2025ലെ സിറ്റി പൊലീസിന്‍റെ കണക്കാണിത്. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സിറ്റി പൊലീസിന്‍റെ ഡാൻസാഫും രജിസ്റ്റർ ചെയ്ത കേസുകളാണ് ഇവയെല്ലാം. 2024ലേക്കാൾ വർധനവാണ് ലഹരികേസുകളിൽ കൊച്ചി നഗരത്തിലുണ്ടായത്. 2024ൽ ആകെ 2475 കേസുകളും 2793 പേരുടെ അറസ്റ്റുമാണുണ്ടായിരുന്നത്. എന്നാൽ മുൻവർഷത്തേക്കാൾ 530 കേസുകൾ 2025ൽ വർധിച്ചതായി പൊലീസിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഒറ്റമാസം, 586 അറസ്റ്റ്
ഒരു മാസത്തിനുള്ളിൽ മാത്രം പൊലീസും ഡാൻസാഫും സിറ്റിയിൽ ലഹരിയുമായി അറസ്റ്റ് ചെയ്തത് 586 പേരെയാണ്. 2025 മാർച്ചിലായിരുന്നു ഇത്. ഈ വർഷം 568.22 ഗ്രാം, (അരക്കിലോയിലേറെ) എം.ഡി.എം.എ വിവിധ കേസുകളിലായി പിടികൂടി. എം.ഡി.എം.എ ഏറ്റവുമധികം പിടികൂടിയത് ആഗസ്റ്റ് മാസത്തിലാണ്. 576.86 ഗ്രാം അളവിലാണ് ഈ ഒറ്റമാസം അധികൃതർ പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഏറ്റവും കുറവ് ആളുകൾ പിടിയിലായത്-130 പേർ, ഏറ്റവും കുറവ് എം.ഡി.എം.എ പിടികൂടിയതും ഇതേ മാസം തന്നെ-46.47 ഗ്രാം.
ജനുവരി-174, ഫെബ്രുവരി-262, മാർച്ച്-586, ഏപ്രിൽ-261, മെയ്-200, ജൂൺ-269, ജൂലൈ-318, ആഗസ്റ്റ്-326, സെപ്തംബർ-237, ഒക്ടോബർ-249, നവംബർ-313, ഡിസംബർ-130 എന്നിങ്ങനെയാണ് വിവിധ മാസങ്ങളിൽ അറസ്റ്റിലായവരുടെ കണക്കുകൾ.
ഒഴുകുന്ന രാസലഹരി
റൂറൽ ജില്ലയെ അപേക്ഷിച്ച് രാസലഹരിക്കാണ് കൊച്ചി നഗരത്തിൽ ഡിമാൻഡ് കൂടുതലുള്ളത്. ഇതിൽ തന്നെ എം.ഡി.എം.എയുടെ വ്യാപനമാണ് ആശങ്കപ്പെടുത്തുന്നത്. 2024ൽ ആകെ 1.89കിലോ ഗ്രാം എം.ഡി.എം.എയാണ് നഗരത്തിൽ വിവിധ കേസുകളിലായി പിടികൂടിയതെങ്കിൽ 2025ൽ ഇരട്ടിയോളമായി. ആകെ 3.08 കിലോ എം.ഡി.എം.എ പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ എം.ഡി.എം.എയുടെ ഉപയോഗം വ്യാപകമാവുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കൊക്കെയ്ൻ, ഹാഷിഷ്, തുടങ്ങിയവയുടെ ഉപഭോഗവും വർധിച്ചുവരുന്നുണ്ട്.
സിറ്റിയേക്കാൾ കൂടുതൽ റൂറലിൽ
ലഹരി കേസുകളിൽ എറണാകുളം സിറ്റിയേക്കാൾ മുന്നിൽ നിൽക്കുന്നത് റൂറൽ മേഖലയാണ്. 2025ൽ ആകെ 3,908 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ പിടിയിലായത് 4138 പേരാണ്. നഗരത്തിൽ നിന്നു വ്യത്യസ്തമായി കഞ്ചാവ് ആണ് റൂറൽ മേഖലയിൽ വ്യാപകമായി വിൽപ്പന നടത്തുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 603 കിലോഗ്രം കഞ്ചാവാണ് ഒറ്റവർഷം ഇവിടെനിന്ന് പിടികൂടിയത്. 1.400 കിലോ എം.ഡി.എം.എ, രണ്ട് കിലോ ഹാഷിഷ് ഓയിൽ, 740 ഗ്രാം ഹെറോയിൻ, 200 ഗ്രാം മെത്താഫിറ്റാമിൻ, 36 നൈട്രോ സെപ്പാം ഗുളിക എന്നിവയും പിടികൂടിയവയിൽ പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കിലോ കണക്കിന് കൊണ്ടുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഏറെയും പിടികൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

