കുടുംബശ്രീയിൽ അംഗങ്ങൾ വർധിക്കുന്നു
text_fieldsകൊച്ചി: സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം അമ്പത് ലക്ഷത്തിലെത്തിക്കുന്നതിന് കുടുംബശ്രീയുടെ 50 പ്ലസ് ക്യാമ്പയിൻ ജില്ലയിൽ മുന്നേറുന്നു. 27 വർഷത്തെ സമൃദ്ധമായ സേവനപാരമ്പര്യം ആധാരമാക്കി, കുടുംബശ്രീയുടെ സംഘടനാ ഘടനയെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന മിഷൻ ആവിഷ്കരിച്ച കാമ്പയിനാണ് ‘കുടുംബശ്രീ 50 പ്ലസ്’.
കേരളത്തിന്റെ 60 ശതമാനത്തോളം കുടുംബങ്ങൾ ഇന്ന് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഭാഗമാണ്. മാലിന്യ നിർമാർജനം, ദുരന്തനിവാരണ പ്രവർത്തനം, ലഹരി വിരുദ്ധ ക്യാമ്പയിൻ, ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം, അതിദരിദ്ര നിർമാർജന പരിപാടികൾ, പാർശ്വവൽക്കരിക്കപ്പെട്ട പൊതു സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ കുടുംബശ്രീ മികച്ച ഇടപെടലാണ് നടത്തുന്നത്. ആഗസ്റ്റ് 30 വരെയാണ് കാമ്പയിൻ നടക്കുന്നത്. അംഗത്വമില്ലാത്തവരെ കണ്ടെത്തി അവരെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കും. പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോകുകയാണെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ ടി.എം. റജീന ‘മാധ്യമ’ത്തോട് പറഞ്ഞു.
102 സി.ഡി.എസുകളുടെ സമഗ്ര സഹകരണം
ജില്ല മിഷന്റെ നേതൃത്വത്തിൽ 102 സി.ഡി.എസുകളുടെയും സമഗ്ര സഹകരണത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന വനിതാ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മികവുറ്റ പ്രവർത്തനമാണ് നടപ്പാക്കുന്നത്.
സംഘടനാ തലത്തിൽ ശക്തമായ പുനർസംഘടന, നിർജീവമായ അയൽക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയൽക്കൂട്ട അംഗങ്ങളെ തിരികെ സംഘടന സംവിധാനത്തിലേക്ക് കൊണ്ടുവരിക, നാളിതുവരെ അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത കുടുംബങ്ങളെ ഉൾച്ചേർക്കുക, പ്രത്യേക അയൽക്കൂട്ടങ്ങളുടെ രൂപവത്കരണം തുടങ്ങിയവയാണ് ക്യാമ്പയിനിന്റെ മുഖ്യ ലക്ഷ്യങ്ങൾ.
പ്രത്യേക അയൽക്കൂട്ടങ്ങളുടെ രൂപവത്കരണം
ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡർ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക അയൽക്കൂട്ടങ്ങളും രൂപവത്കരിക്കും. കൊഴിഞ്ഞു പോയ അയൽക്കൂട്ട അംഗങ്ങളെ തിരികെ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട് സി.ഡി.എസിലും എ.ഡി.എസിലും ജില്ലാതലത്തിലും പ്രവർത്തനങ്ങൾ സജീവമാണ്. തീരദേശം, ട്രൈബൽ, അയൽക്കൂട്ടങ്ങൾ കുറവുള്ള സി.ഡി.എസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഓരോ സി.ഡി.എസിലും പ്രവർത്തനം നിലച്ചു പോയ അയൽക്കൂട്ടങ്ങളുടെ പട്ടിക തയാറാക്കിയാണ് നടപടികൾ. എ.ഡി.എസുകളുടെ നേതൃത്വത്തിൽ ഇവയെ പ്രവർത്തനക്ഷമമാക്കുന്നതിന് പ്രവർത്തനങ്ങൾ നടക്കുകയാണ്. പുതിയ അയൽക്കൂട്ട രൂപവത്കരണവുമായി ബന്ധപ്പെട്ട് ഓരോ സി.ഡി.എസ് പരിധിയിലെയും ആകെ കുടുംബങ്ങളുടെയും അയൽക്കൂട്ടാംഗങ്ങളുടെയും കണക്കെടുപ്പ് നടത്തിയാണ് പ്രവർത്തനങ്ങൾ. പുതുതായി ആരംഭിക്കുന്ന എല്ലാ അയൽക്കൂട്ടങ്ങൾക്കും കുടുംബശ്രീ കാസ് ടീമിന്റെ നേതൃത്വത്തിൽ കണക്കെഴുത്ത് പരിശീലനവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

