ഓണം പൊടിപൊടിച്ച് കുടുംബശ്രീ; വിപണനമേളയിൽ സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം
text_fieldsജില്ലയിലെ കുടുംബശ്രീ വിപണന മേളയിൽനിന്ന് (ഫയൽ ഫോട്ടോ)
കൊച്ചി: നാടെങ്ങും വിപണന മേളകൾ, പൂക്കളുടെയും പച്ചക്കറികളുടെയും തകൃതിയായ വിൽപന, ഇതിനെല്ലാം പുറമെ രുചിയൂറും ഓണസദ്യയുടെ കച്ചവടവും... ഇത്തവണ കുടുംബശ്രീ സംരംഭകർ ഓണവിൽപന പൊളിച്ചടുക്കി. ജില്ലയിലെ നൂറുകണക്കിന് കുടുംബശ്രീ സംരംഭകർ ചേർന്ന് കോടികളുടെ വരുമാനമാണ് ഓണാഘോഷത്തോടനുബന്ധിച്ച് നേടിയത്.
ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ ഓണം വിപണന മേളകളിലൂടെ മാത്രം മൂന്നരക്കോടിയുടെ വിൽപന നടന്നു. കൂടാതെ, ഓണസദ്യ വിറ്റ ഇനത്തിൽ 30 ലക്ഷത്തോളം രൂപയും പച്ചക്കറികൾ വിറ്റതിൽ 75 ലക്ഷത്തോളം രൂപയും കുടുംബശ്രീ സംരംഭകർക്ക് ലഭിച്ചു. ഇതിനെല്ലാം പുറമെ ഒരുകോടിക്കു മുകളിൽ ഗിഫ്റ്റ് ഹാംപറുകളുടെയും 6.59 ലക്ഷം രൂപക്ക് പൂക്കളുടെയും കച്ചവടവും ഓണത്തോടനുബന്ധിച്ച് നടന്നു.
മേളകളിൽ എറണാകുളം മുന്നിൽ
വിപണന മേളകളുടെ എണ്ണത്തിലും വരുമാനത്തിലും സംസ്ഥാനത്ത് മറ്റു ജില്ലകളേക്കാൾ മുന്നിലാണ് എറണാകുളം. ഇത്തവണ ഓരോ തദ്ദേശ സ്ഥാപനത്തിലും രണ്ടുവീതം വിപണന മേളകൾ വേണമെന്ന നിർദേശം പാലിച്ച് ആകെ 207 മേളകൾ ജില്ലയിൽ പലയിടങ്ങളിലായി ഒരുക്കി. കളമശ്ശേരി കാർഷികോത്സവത്തോടനുബന്ധിച്ച് നടത്തിയ ജില്ലതല മേളയുൾപ്പെടെയാണിത്. ഈ മേളകളിൽനിന്നെല്ലാമായി ലഭിച്ചത് മൂന്നരക്കോടി രൂപയാണെന്ന് കുടുംബശ്രീ അധികൃതർ വ്യക്തമാക്കി. ശർക്കര വരട്ടി, ചിപ്സ്, അച്ചാർ തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങളാണ് കൂടുതലായും വിറ്റുപോയത്.
15,000 ഓണസദ്യകൾ...
ഓണാഘോഷത്തിന്റെ തിരക്കിനിടെ സദ്യയൊരുക്കാൻ കഴിയാത്തവർക്കായി കുടുംബശ്രീ സംരംഭകർ ജില്ലയിൽ വിളമ്പിയത് 15,000ത്തോളം ഓണസദ്യയാണ്. ഇതുവഴി 30 ലക്ഷം രൂപയുടെ വരുമാനവും ലഭിച്ചു. 40 സംരംഭക യൂനിറ്റുകളായാണ് സദ്യ ഒരുക്കിയത്. വിവിധ മേഖലകളിലെ സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, റെസിഡന്റ്സ് കൂട്ടായ്മകൾ അടക്കമുള്ളവയിലാണ് സദ്യ വിളമ്പിയത്. 21 കൂട്ടം കറികളും മൂന്നുതരം പായസവും വാഴയിലയും അടക്കം വിഭവങ്ങളാണ് കുടുംബശ്രീയുടെ രുചിസദ്യയിലുണ്ടായിരുന്നത്. ഓണസദ്യയുടെ എണ്ണത്തിലും ജില്ല മുൻനിരയിൽ തന്നെയുണ്ട്.
ഹിറ്റായി ‘ഓണക്കനി’യും ‘നിറപ്പൊലിമ’യും
ഓണത്തോടനുബന്ധിച്ച് പച്ചക്കറി വിൽപനയിലൂടെ മാത്രം കുടുംബശ്രീക്ക് ലഭിച്ചത് 75 ലക്ഷത്തോളം രൂപയാണ്. തക്കാളി, പയർ, പച്ചമുളക്, ചീര, വഴുതന, പാവൽ തേങ്ങ, നേന്ത്രക്കായ, ചേമ്പ് തുടങ്ങിയ പച്ചക്കറികൾ ഓണവിപണി ലക്ഷ്യമിട്ടാണ് സംരംഭകർ കൃഷിചെയ്തത്. ജില്ലയിലെ വിവിധ മേഖലകളിലായി 2400 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. ‘ഓണക്കനി’ എന്ന പേരിലായിരുന്നു പച്ചക്കറി കൃഷിയും വിളവെടുപ്പുമെല്ലാം.
പൂക്കൃഷിയിലും മുൻവർഷത്തേക്കാൾ വലിയ വരുമാനമാണ് ജില്ലയിൽനിന്ന് ലഭിച്ചത്. എറണാകുളത്തുകാർക്ക് പൂക്കളമിടാൻ 6.59 ലക്ഷം രൂപയുടെ പൂക്കൾ കുടുംബശ്രീക്കാർ നൽകി. ‘നിറപ്പൊലിമ’ എന്ന പേരിൽ സി.ഡി.എസുകൾക്കു കീഴിൽ കുടുംബശ്രീയുടെ ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകളാണ് (ജെ.എൽ.ജി) ഏക്കറുകണക്കിന് പൂകൃഷി ഒരുക്കിയത്.
സമ്മാനമായി ഹാംപറുകൾ...
തിരുവോണത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഗിഫ്റ്റ് ഹാംപറുകളും ഒരുക്കിയാണ് ഇത്തവണ കുടുംബശ്രീ ഓണം കളറാക്കിയത്. രണ്ടുതരം പായസക്കൂട്ട്, ശർക്കര വരട്ടി, ചിപ്സ്, മസാലപ്പൊടികൾ തുടങ്ങി 10 ഇനങ്ങളടങ്ങിയ ഹാംപറാണ് ഒരുക്കിയിരുന്നത്. ജില്ലയിൽ 15,000ത്തിനടുത്ത് ഹാംപറുകൾ വിറ്റഴിക്കപ്പെട്ടു.
ആകെ 750 രൂപ മൂല്യമുള്ള ഉൽപന്നങ്ങളായിരുന്നു ഇതിൽ സജ്ജീകരിച്ചിരുന്നത്. കുടുംബശ്രീയുടെ ഓൺലൈൻ ഡെലിവറി ആപ്പായ പോക്കറ്റ് മാർട്ട് മുഖേനയും സി.ഡി.എസുകൾ മുഖേനയും മേളകളിലൂടെയുമായിരുന്നു ഇതിന്റെ വിപണനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

