Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ലുക്കിങ് ലൈക്ക് എ വൗ

text_fields
bookmark_border
മന്ത്രി ഗണേഷ് കുമാർ നാളെ ഉദ്ഘാടനം ചെയ്യും
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ലുക്കിങ് ലൈക്ക് എ വൗ
cancel
camera_alt

നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങിയപ്പോൾ •ബൈജു കൊടുവള്ളി

കൊച്ചി: മഴയിൽ കൊച്ചി നഗരത്തിന്‍റെ ദുരിത കേന്ദ്രമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുത്തൻ മുഖഛായയും യാത്രക്കാർക്ക് നവീന സൗകര്യങ്ങളുമായി ഉദ്ഘാടനത്തിനൊരുങ്ങി. നവീകരിച്ച സ്റ്റാൻഡ് വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം, കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്‍റെ ശിലാസ്ഥാപനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷതവഹിക്കും. സ്റ്റാൻഡിന്‍റെ നവീകരണ ജോലികൾ ഭൂരിഭാഗവും പൂർത്തിയായതായും അവസാന മിനുക്ക് പണികൾ മാത്രമാണ് ശേഷിക്കുന്നതെന്നും എ.ടി.ഒ എ. അജിത്ത് പറഞ്ഞു.

നവീകരണം 1.88 കോടി ചെലവിൽ

വർഷങ്ങളായി വെള്ളക്കെട്ടിന്‍റെ ദുരിതം അനുഭവിച്ചിരുന്ന സ്ഥലമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. കനത്ത മഴ പെയ്താൽ യാത്രക്കാർക്ക് സ്റ്റാൻഡിലേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.

മുട്ടോളം അഴുക്ക് വെള്ളത്തിലൂടെ നടന്നാണ് യാത്രക്കാർ ബസുകളിൽ കയറിയിരുന്നത്. സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങളും ഓഫിസ് മുറികളുമെല്ലാം ദിവസങ്ങളോളം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയായിരുന്നു. സമീപത്തെ വിവേകാനന്ദ തോട് നിറഞ്ഞുകവിഞ്ഞാണ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്. വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന വിധത്തിൽ ഉപരിതലം മൊത്തത്തിൽ രണ്ടടിയോളം ഉയർത്തിപ്പണിതാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്. സ്റ്റാൻഡ് പരിസരത്തിന് ചുറ്റും കാന നിർമിക്കുകയും വെള്ളവും മാലിന്യവും സ്റ്റാൻഡിലേക്ക് കയറുന്നത് തടയാൻ തോടിന് ചുറ്റുമതിൽ തീർക്കുകയും ചെയ്തിട്ടുണ്ട്.

ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 77.70 ലക്ഷം ഉൾപ്പെടെ 1.88 കോടി ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ബി.പി.സി.എൽ ഒരു കോടിയും ജിയോജിത് 12 ലക്ഷവും സി.എസ്.ആർ ഫണ്ടായും ചെലവഴിച്ചു.

ആകെ മൊത്തം മാറി

യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് നവീകരിച്ച സ്റ്റാൻഡിൽ ഒരുക്കിയിട്ടുള്ളത്. സ്റ്റാൻഡിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ചവിട്ടുപടികളും ഭിന്നശേഷിക്കാർക്കായി റാമ്പും നിർമിച്ചിട്ടുണ്ട്. ഓരോ ഭാഗത്തേക്കുമുള്ള ബസുകൾ പാർക്ക് ചെയ്യാൻ നിശ്ചിത സ്ഥലം തീരുമാനിച്ച് ദിശാ ബോർഡുകളും പ്ലാറ്റ്ഫോം ബോർഡുകളും സ്ഥാപിച്ചു. ഈ ഭാഗത്തെ തൂണുകൾക്ക് പ്രത്യക നമ്പർ നൽകി. ഇടിഞ്ഞുപൊളിഞ്ഞ ആറ് കടമുറികൾ പുനർനിർമിച്ചു.

ഇവ വാടകക്ക് നൽകുന്നതോടെ കോർപറേഷന് അധിക വരുമാനമാകും. ഫീഡിങ് റൂം, പുതിയ ഇരിപ്പിടങ്ങൾ, സെൽഫി പോയന്‍റ്, വായനമുറി എന്നിവയും സ്റ്റാൻഡിലും പരിസരത്തും ആവശ്യത്തിന് വെളിച്ച സംവിധാനവും ഒരുക്കി. കെട്ടിടം പെയന്‍റിങ് നടത്തുകയും തകർന്ന ജനാലകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ശുചിമുറി കോപ്ലക്സ്, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. റിസർവേഷൻ കൗണ്ടർ കൂടുതൽ സൗകര്യപ്രദമാക്കി.

പുതിയ സ്റ്റാൻഡ് അഞ്ച് ഏക്കറിൽ

13 കോടി ചെലവിടുന്ന കാരിക്കാമുറിയിലെ പുതിയ സ്റ്റാൻഡ്, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സൗത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്ന ഗ്യാരേജ്‌ ഭാഗത്തെ അഞ്ച്‌ ഏക്കറിൽ നിർമിക്കുന്ന സ്റ്റാൻഡിൽ ബസ് സ്റ്റേഷന് പുറമെ 20 ബസുകൾ പാർക്ക് ചെയ്യാവുന്ന യാർഡ്, ശുചിമുറികൾ, കടമുറികൾ, ഓഫിസ് മുറികൾ, ജീവനക്കാർക്കുള്ള മുറികൾ, ഇതര സംസ്ഥാന ബസുകൾക്കായുള്ള റിസർവേഷൻ കൗണ്ടറുകൾ, ഇവയിലെ ജീവനക്കാർക്കായുള്ള വിശ്രമ മുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. പുതിയ സ്റ്റാൻഡ് പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലെ സ്റ്റാൻഡ് കോർപറേഷന്‍റെ വാണിജ്യാവശ്യങ്ങൾക്കും ആവശ്യമെങ്കിൽ പാർക്കിങിനും ഉപയോഗിക്കാനാണ് ആലോചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC stand looking like a wow
Next Story