കോട്ടപ്പുറം പാലം പില്ലർ താഴേക്കിരുന്നു; കോണ്‍ക്രീറ്റിങ് നിര്‍ത്തി
text_fields1. ദേശീയപാത 66 കോട്ടപ്പുറം പാലത്തിന്റെ മൂത്തകുന്നം ഭാഗത്തുനിന്ന് ഏഴാമത്തെ പില്ലറുകള്‍
താഴ്ന്ന നിലയില്‍, 2.പില്ലറുകള്‍ താഴ്ന്നപ്പോള്‍ മുകള്‍ഭാഗത്തുണ്ടായ ഉയരവ്യത്യാസം
പറവൂര്‍: ദേശീയപാത 66ല്‍ നിർമിക്കുന്ന കോട്ടപ്പുറം-വി.പി തുരുത്ത് പാലത്തിന്റെ പില്ലറുകളില്‍ രണ്ടെണ്ണം താഴേക്കിരുന്നു. ഇതേ തുടര്‍ന്ന് സ്റ്റീല്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചതിന് മുകളിലുള്ള കോണ്‍ക്രീറ്റ് ഡെക്ക് സ്ലാബിലും ഉയരവ്യത്യാസമുണ്ടായി. തുടര്‍ന്ന് മുകള്‍ഭാഗത്ത് നടന്നുവരുന്ന കോണ്‍ക്രീറ്റിങ് അടിയന്തരമായി നിര്‍ത്തിവെച്ചു.
മൂത്തകുന്നത്തുനിന്ന് വി.പി തുരുത്തിലേക്കുള്ള പാലത്തിന്റെ ഏഴാമത്തെ പില്ലറുകളില്‍ രണ്ടെണ്ണമാണ് ഒരു മീറ്ററോളം താഴേക്കിരുന്നത്. തൂണുകളില്‍ ടണ്‍ കണക്കിന് ഭാരമുള്ള സ്റ്റീല്‍ ഗര്‍ഡറുകളും ഡെക്ക് ഷീറ്റുകളും സ്റ്റീല്‍ റോഡുകളും സ്ഥാപിച്ച് കമ്പികള്‍ പാകിയ ശേഷമാണ് കോണ്‍ക്രീറ്റിങ് നടത്തിവന്നിരുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കോട്ടപ്പുറത്തെ രണ്ട് പാലങ്ങളുടേയും പണി നടക്കുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്.സി) മാനദണ്ഡങ്ങള്‍ പാലിച്ച് ഭാരക്കൂടുതലുള്ള വാഹനങ്ങള്‍ വരെ കടന്നുപോകുന്ന വിധം പണി തീര്‍ക്കുന്ന പാലത്തിന്റെ തൂണുകള്‍ താഴോട്ടിരുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് പാലത്തിനടിയില്‍ മത്സ്യബന്ധനം നടത്തുന്നവരാണ് ഇത് ആദ്യം കണ്ടത്. പിന്നീട് കരാര്‍ കമ്പനിയുടെ അധികൃതരെത്തി പാലത്തിനടിയിലും മുകളിലും പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കോണ്‍ക്രീറ്റിങ് നിര്‍ത്തിവെച്ചത്. കോട്ടപ്പുറം പഴയ പാലത്തിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്താണ് പുതിയ പാലം പണിയുന്നത്. പഴയ പാലം പണിയുമ്പോഴും ഈ ഭാഗത്തെ തൂണുകള്‍ താഴേക്കിരുന്നിരുന്നു. അന്ന് നടത്തിയ പരിശോധനയില്‍ മലവെള്ളക്കാലത്ത് പുഴയില്‍ അടിഞ്ഞ വലിയ ഒരു തടി കണ്ടെത്തിയിരുന്നു. പിന്നീടതിന് താല്‍ക്കാലിക ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പാലം പണി തീര്‍ത്തത്. കൂറ്റന്‍ ക്രൗളര്‍ ക്രെയിന്‍ ഉപയോഗിച്ച് 50 ടണ്ണിലേറെ ഭാരമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് പുതിയ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ഉപ്പുവെള്ള പ്രദേശമായതിനാല്‍ തുരുമ്പെടുക്കുന്നത് തടയാൻ സ്റ്റീല്‍ പാളികളില്‍ ആന്റി ട്രോസി പ്രൈമര്‍ പൂശിയിട്ടുണ്ട്.
കോണ്‍ക്രീറ്റിങ്ങിന് ശേഷം അതിനു മുകളില്‍ പുഴയില്‍നിന്നുള്ള ഉപ്പുവെള്ളം പമ്പ് ചെയ്ത് നനക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. രണ്ടര വര്‍ഷം മുന്നേ പുഴയില്‍ പണിത തൂണുകളുടെ കോണ്‍ക്രീറ്റിങ് അടര്‍ന്നുപോകുന്നത് കണ്ടെത്തിയിരുന്നു. പരാതി ശക്തമായതിനെ തുടര്‍ന്ന് പണി നിര്‍ത്തിവെച്ച് വിദഗ്ധ സംഘം പരിശോധിച്ച ശേഷം തൂണുകളില്‍ വീണ്ടും കമ്പി കെട്ടി പ്ലാസ്റ്ററിങ് നടത്തി ബലപ്പെടുത്തിയിരുന്നു. പാലത്തിന്റെ പില്ലറുകള്‍ താഴ്ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദഗ്ധ പരിശോധന ഉടന്‍ ഉണ്ടാകുമെന്നും കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. തൂണുകളുടെ പണിയുമായി ബന്ധപ്പെട്ട് നടത്തിയ പൈലിങ്ങിന്റെ തകരാറായിരിക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹി ഓറിയന്റല്‍ സ്ട്രെക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള റീച്ചിലെ പാലങ്ങളുടേയും റോഡുകളുടേയും കരാറെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

