'ഹൃദ്രോഗിയാണെന്ന് പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളിക നൽകി; കാൽ കുടുങ്ങിയപ്പോൾ വെട്ടിത്തന്നേക്കാമെന്നു പറഞ്ഞു'
text_fieldsകൂത്താട്ടുകുളം: സി.പി.എം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ താമസിപ്പിച്ചതായി കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണിതെന്നും അവർ ആരോപിച്ചു.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് അരുൺ അശോകൻ ആണ് വാഹനത്തിൽ കയറ്റിയതെന്നും കാൽ വണ്ടിയുടെ ഡോറിനിടയിൽ കുടുങ്ങിയപ്പോൾ എത്തിയിട്ട് വെട്ടിത്തന്നേക്കാമെന്ന് പറഞ്ഞുവെന്നും കല ആരോപിച്ചു. തന്റെ മകനേക്കാൾ ചെറിയ കുട്ടിയാണ് അശോകൻ. അയാളാണ് അങ്ങനെ പറഞ്ഞത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക് വലിച്ചു കയറ്റിയത്. ഏരിയ കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും അവർ പറഞ്ഞു.
ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളികയാണ് നൽകിയത്. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞപ്പോൾ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും അവർ പറഞ്ഞു. സി.പി.എമ്മിൽ തുടരുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കലാ രാജു കൂട്ടിച്ചേർത്തു.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാനിരിക്കെയാണ് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയരുന്നത്. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്നാണ് എൽ.ഡി.എഫ് കൗൺസിലർ കലാരാജുവിനെ സി.പി.എം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. നഗരസഭയിലെ സി.പി.എം കൗൺസിലർ കലാ രാജുവിന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ.
എൽ.ഡി.എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചർച്ചക്ക് എടുക്കാൻ ഇരിക്കവെയാണ് രാവിലെ നാടകീയ രംഗങ്ങൾ ഉണ്ടായത്. പൊലീസ് നോക്കിനിൽക്കെ സി.പി.എം കൗൺസിലർമാർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യു.ഡി.എഫ് ആരോപിച്ചു. പിന്നീട് ആരോപണവുമായി കലാ രാജുവിന്റെ മക്കളും രംഗത്ത് വന്നു. അതിനിടെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്ന സി.പി.എം, തങ്ങൾ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു.
അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസിൽ നിന്ന് വൈകീട്ട് ഇറങ്ങിയ കലാ രാജു ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്കൊപ്പം മറ്റ് സി.പി.എം കൗൺസിലർമാരും ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

