കൊച്ചി - പാലാക്കരി; അടിപൊളി ജലയാത്ര 13ന്
text_fieldsകൊച്ചി: കേരള സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആന്‍ഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.എൻ.സി) മത്സ്യഫെഡ് പാലാക്കരി യൂനിറ്റുമായി സഹകരിച്ച് 13ന് പുതിയ ബാക്ക് വാട്ടർ ക്രൂയിസ് ആരംഭിക്കുന്നു. 13ന് രാവിലെ 10ന് കൊച്ചി മറൈൻഡ്രൈവിൽനിന്നാണ് ആദ്യയാത്ര. എറണാകുളം, ആലപ്പുഴ, കോട്ടയം ഉൾനാടൻ കാഴ്ചകൾ ആസ്വദിക്കാനുള്ള സുവർണാവസരമാണ് കെ.എസ്.ഐ.എൻ.സി യാത്രക്കാർക്ക് ഒരുക്കിയിട്ടുള്ളത്.
കൊച്ചി മറൈൻഡ്രൈവ് കെ.എസ്.ഐ.എൻ.സി ക്രൂയിസ് ടെർമിനലിൽനിന്ന് രാവിലെ 10ന് പുറപ്പെട്ട് കൊച്ചിൻ ഷിപ്യാർഡ്, തേവര, ഇടക്കൊച്ചി, അരൂർ, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട വഴി ജലമാർഗം പാലാക്കരി എത്തി ഉച്ചയൂണും ബോട്ടിങ്ങും മറ്റ് അനുബന്ധ സൗകര്യങ്ങളും ആസ്വദിച്ചശേഷം വൈകീട്ട് അഞ്ചോടെ തിരികെ കൊച്ചിയിൽ എത്തുന്നു. പാക്കേജിന് ഒരാൾക്ക് 999 രൂപയാണ് നിരക്ക്. യാത്രവിവരണങ്ങൾ നൽകാൻ ഗൈഡും ആടാനും പാടാനും ഗായകരും ഉണ്ടായിരിക്കും. ടീ, സ്നാക്സ്, ഉച്ചഭക്ഷണം എന്നിവയും ലഭ്യമാണ്. മത്സ്യഫെഡ് യൂനിറ്റിൽ ലഭ്യമായ പെഡൽ ബോട്ടുകൾ, കുട്ടവഞ്ചികൾ, തുഴ വഞ്ചികൾ, കയാക്കുകൾ എന്നിവയും പാക്കേജ് നിരക്കിൽ സൗജന്യമായി ഉപയോഗിക്കാം. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9846211143/9744601234.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

