കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി കേരളപ്പിറവി ദിനത്തിൽ തുടങ്ങണം -ഹൈകോടതി
text_fieldsകൊച്ചി: കേരളപ്പിറവി ദിനത്തിൽ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (കെ.എം.ടി.എ) പ്രവർത്തനം തുടങ്ങണമെന്ന് ഹൈകോടതി. അഞ്ച് വർഷം മുമ്പ് കൊച്ചി നഗരത്തിൽ ആസൂത്രിതവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കാൻ ആവിഷ്കരിച്ച പദ്ധതി സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
അതോറിറ്റി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ചെറായി സ്വദേശി അഡ്വ. റിച്ചാർഡ് രാജേഷ്കുമാർ അടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. കെ.എം.ടി.എ ആക്ട് പ്രകാരം 2020 നവംബർ ഒന്നിനാണ് കൊച്ചി അതോറിറ്റി രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനം ചെയ്തത്. സി.ഇ.ഒയെ നിയമിച്ചെങ്കിലും അതോറിറ്റി പ്രവർത്തന രഹിതമായിരുന്നു. ആകെ അനുവദിച്ച 17.4 ലക്ഷം രൂപ ചെലവഴിക്കാനായില്ല. കൊച്ചി മെട്രോയിൽ നിന്ന് രണ്ട് ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചെങ്കിലും അവർ ജോലിക്ക് ചേർന്നില്ല.
അതോറിറ്റിക്ക് ഓഫിസോ കമ്പ്യൂട്ടറുകളോ ഫർണിച്ചറുകളോ വാങ്ങിയിട്ടില്ലെന്നും കോടതി വിലയിരുത്തി. 2025 -26ലേക്കുള്ള പദ്ധതി തയാറാക്കിയത് മനസ്സിരുത്താതെയാണ്. അഞ്ച് കോടി രൂപ ആവശ്യമുണ്ടെന്ന് പറയുന്നതിലും രണ്ട് ജീവനക്കാരെ കൊണ്ട് മാത്രം പദ്ധതി എങ്ങനെ പ്രവർത്തിക്കുമെന്നതിലും വ്യക്തതയില്ല.
കോടതി നിർദേശ പ്രകാരം ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും വ്യക്തമായ തീരുമാനമുണ്ടാകാത്തതിനാലാണ് കോടതി ഇടപെട്ട് സമയക്രമം നിശ്ചയിച്ചത്. സർക്കാറും കെ.എം.ടി.എയും ആലോചിച്ച് പ്രവർത്തന ഫണ്ട് അനുവദിക്കണം. കുറഞ്ഞത് എത്ര ജീവനക്കാർ വേണമെന്ന കാര്യം തീരുമാനിച്ച് നിയമിക്കണം. ഓഫിസും ഫർണിച്ചറുകളും അടക്കം സൗകര്യങ്ങൾ ഇതിനകം ഏർപ്പെടുത്തി അറിയിക്കണമെന്നും കോടതി സർക്കാറിനോട് നിർദേശിച്ചു. അതോറിറ്റി പൂർണ സജ്ജമാക്കുന്നതിന് മുമ്പ് പ്രവർത്തിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കുകയും വേണം. കൊച്ചിയുടെ സുസ്ഥിര ഗതാഗത സംവിധാനത്തിന് മുൻഗണന ക്രമത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

