കൊച്ചി മെട്രോ രണ്ടാംഘട്ടം; പിങ്ക് ലൈന്‍ നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടം
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടമായ ‘പിങ്ക് ലൈനി’ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് വഴി സ്മാര്‍ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് മുന്നേറുന്നത്.
വയഡക്റ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2024 ജൂണ്‍ 12നാണ് ആരംഭിച്ചത്. തുടക്കത്തില്‍ വിദേശവായ്പ അനുമതി വൈകലും കെ.എസ്.ഇ.ബി-വാട്ടര്‍ അതോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയത്. നിലവില്‍ 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്‍മാണത്തിലൂടെ പ്രതിദിനം 30 മുതല്‍ 40 മീറ്റര്‍ വരെ പാത പൂര്‍ത്തിയാകുന്നുണ്ട്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈല് ക്യാപ് നിര്‍മാണം തുടങ്ങി ഫൗണ്ടേഷന് ജോലികൾ പൂര്‍ത്തിയായി. പാതക്കായുള്ള പൈലിങ് ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായി. 2028 പൈലുകളില്‍ 1877 എണ്ണവും, 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകൾ സ്ഥാപിച്ചു. 346 യു ഗര്‍ഡറുകളും 136 ഐ ഗര്‍ഡറുകളും സ്ഥാപിച്ചതോടെ അഞ്ച് കിലോമീറ്ററോളം ദൂരം പാലം (വയഡക്റ്റ്) സജ്ജമായി.
ബാരിക്കേഡുകള്‍ നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് മുന്നോടിയായി വയഡക്റ്റ് നിര്‍മാണം പൂര്‍ത്തിയായ ഇടങ്ങളില്‍ റോഡിന് മധ്യഭാഗത്തായി മീഡിയന് നിർമാണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ലൈന്‍ റോഡിലും ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേ റോഡിലും ആരംഭിച്ചു.
ട്രാക്ക് വര്‍ക്ക്, സിഗ്നലിങ്, ടെലികമ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവക്കുള്ള കരാറുകൾ നല്കി. ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ കൊച്ചിയില്‍ എത്തി. 18 മീറ്റര്‍ നീളത്തിലുള്ള 2444 റെയിലുകളാണ് എത്തിച്ചത്.
സ്റ്റേഷനുകളുടെ നിർമാണവും സജീവമാണ്. പാതയുടെയുടെ സ്റ്റേഷനുകളുടെയും നിര്‍മാണത്തിനാവശ്യമായ പ്രീകാസ്റ്റ് എലമെന്റുകളുടെ നിർമാണം എച്ച്.എം.ടി കാസ്റ്റിങ് യാര്‍ഡില്‍ പുരോഗമിക്കുന്നു. പ്രധാന സിവില്‍ കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിക്കാണ്.
രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകള്‍: ജെ.എല്‍.എന്‍. സ്റ്റേഡിയം (ഒന്നാം ഘട്ടവുമായുള്ള ഇന്റര്‍ചേഞ്ച് സ്റ്റേഷന്). പാലാരിവട്ടം ജങ്ഷന്, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, സിവില്‍ സ്റ്റേഷന് ജങ്ഷന്, കൊച്ചി സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട് സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

