കുന്നുകൂടി മാലിന്യം മൂക്കുപൊത്തി കൊച്ചി
text_fieldsകടവന്ത്ര ഗാന്ധിനഗറിലെ മാലിന്യക്കാഴ്ച
കൊച്ചി: മെട്രോ നഗരത്തിന്റെ തിലകക്കുറിയായ മറൈൻഡ്രൈവിലെ വാക് വേയിൽ ഒരു കുന്ന്, ജനത്തിരക്കേറിയ കടവന്ത്രയുടെ പല ഭാഗങ്ങളിലായി പല കുന്നുകൾ, പുല്ലേപ്പടി സി.പി. ഉമ്മർ റോഡിലും കാണാം ഒരു കുന്ന്... പിന്നെ നഗരത്തിന്റെ പല ഭാഗങ്ങളിലേക്കും കണ്ണോടിച്ചാൽ വേറെയും കുന്നുകൾ കാണാം. എന്താണീ കുന്നുകളെന്നല്ലേ? കൊച്ചി നഗരം പുറന്തള്ളുന്ന മാലിന്യമലകളാണിവ. അസഹ്യമായ ദുർഗന്ധം കാരണം മാലിന്യക്കൂനയുടെ ഏഴയലത്തുകൂടി നടക്കാനാവാത്ത സ്ഥിതിയുമുണ്ട്.
ബ്രഹ്മപുരം തീപിടിത്തം കഴിഞ്ഞ് ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും നഗരത്തിന്റെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല, മാത്രമല്ല നാൾക്കുനാൾ തെരുവോരങ്ങളിലെ മാലിന്യക്കൂനയുടെ വലുപ്പം കൂടിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യമാലിന്യത്തിന്റെയും പ്ലാസ്റ്റിക് മാലിന്യത്തിന്റെയും മുകളിൽ പ്ലാസ്റ്റിക് ഷീറ്റ്, പായ തുടങ്ങിയവകൊണ്ട് മൂടിയ നിലയിലാണ്. നഗരത്തിലെ ജൈവമാലിന്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള പദ്ധതിക്ക് വ്യാഴാഴ്ച മുതൽ തുടക്കമായിരുന്നെങ്കിലും ആദ്യ ദിനംതന്നെ പാളിപ്പോയിരുന്നു. ഹരിതകർമ സേന അംഗങ്ങൾ മാലിന്യം ശേഖരിച്ച് വിവിധ കലക്ഷൻ പോയന്റുകളിൽ കാത്തിരുന്നെങ്കിലും ഏജൻസി വാഹനങ്ങൾ ചിലയിടങ്ങളിൽ എത്താതിരുന്നതും മറ്റിടങ്ങളിൽ എത്താൻ വൈകിയതുമാണ് പദ്ധതിയുടെ താളം ആദ്യ ദിനംതന്നെ തെറ്റിച്ചത്.
മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയില്ല
വെള്ളിയാഴ്ച ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോയിട്ടില്ലെന്ന് കോർപറേഷൻ ആരോഗ്യവിഭാഗം ഉേദ്യാഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച മുതൽ ജൈവമാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്നായിരുന്നു തീരുമാനമെങ്കിലും ഏജൻസികളുമായുള്ള ഏകോപനത്തിന്റെ അഭാവം മൂലം ആദ്യദിവസം 11 ലോറികൾ അങ്ങോട്ട് അയക്കേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി.
ഹരിതസഭകൾ അഞ്ചിന്
കൊച്ചി: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തിങ്കളാഴ്ച ഹരിതസഭകൾ ചേരും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ മാലിന്യമുക്ത നവകേരളം ജില്ലതല കാമ്പയിൻ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഓണ്ലൈൻ യോഗം സംഘടിപ്പിച്ചു. നവകേരള മിഷൻ ജില്ല കോഓഡിനേറ്റർ എസ്. രഞ്ജിനി അധ്യക്ഷത വഹിച്ചു.
രണ്ടാം ദിനവും തഥൈവ...
ഏജൻസികളെ ഏൽപിച്ചുള്ള മാലിന്യനീക്കം ആദ്യദിനം പോലെത്തന്നെ അവതാളത്തിലായിരുന്നു രണ്ടാംദിനവും. പലയിടത്തും മാലിന്യം ശേഖരിച്ച് കാത്തിരുന്ന ഹരിതകർമ സേന അംഗങ്ങൾ ഏറെ കാത്തിരുന്നിട്ടും ഏജൻസി വാഹനം കാണാനാവാതെ മടങ്ങുകയായിരുന്നു. മൂന്ന് ഏജൻസിക്കാണ് ജൈവമാലിന്യം താൽക്കാലികമായി സംസ്കരിക്കാനുള്ള കരാർ കോർപറേഷൻ നൽകിയിരുന്നത്. എന്നാൽ, ഒരു ഏജൻസി കരാറിൽനിന്ന് പിന്മാറിയിട്ടുണ്ട്. മറ്റു രണ്ട് ഏജൻസിയുടെയും വാഹനങ്ങൾ മിക്കയിടത്തും എത്തിയിട്ടില്ല.
കൊച്ചിയിൽ 21 ഇടങ്ങളിലാണ് കലക്ഷൻ പോയന്റുള്ളത്. പലയിടങ്ങളിലും രാവിലെ ഏഴിന് ഏജൻസി വാഹനം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകിയാണ് എത്തിയത്. ആറരമുതൽ കാത്തിരിക്കുന്ന ഹരിതകർമ സേനാംഗങ്ങളുണ്ടായിരുന്നു. ചിലയിടങ്ങളിൽ മാലിന്യം നിറച്ച വാഹനങ്ങൾ തന്നെയാണ് മറ്റു പോയന്റുകളിലേക്ക് എത്തിയത്. കലക്ഷൻ പോയന്റുകളിലും മാലിന്യം കുന്നുകൂടിയ കാഴ്ചയുണ്ട്. എന്നാൽ, ആദ്യ ദിവസത്തേക്കാൾ രണ്ടു ഏജൻസികളും വാഹനങ്ങളുടെ എണ്ണവും ട്രിപ്പും കൂട്ടിയിട്ടുണ്ടെന്നും മാലിന്യനീക്കം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് കോർപറേഷൻ അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

