തോൽക്കാൻ മനസ്സില്ല; കൊച്ചിയുടെ ഫോഴ്സ നാളെ വീണ്ടുമിറങ്ങും
text_fieldsകൊച്ചി: ഒന്നോ രണ്ടോ മൂന്നോ പരാജയങ്ങളിൽ തളരാൻ മനസ്സില്ല, സൂപ്പർലീഗിലെ മുൻ സീസൺ റണ്ണറപ്പ് ഫോഴ്സ കൊച്ചി വീണ്ടുമൊരു മരണപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്.സിയുമായിട്ടാണ് ഫോഴ്സയുടെ രണ്ടാം ഹോം ഗ്രൗണ്ട് മത്സരം അരങ്ങേറുന്നത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വൈകീട്ട് 7.30നാണ് മത്സരം. സീസണിൽ ഇതുവരെ കളിച്ച മൂന്നു മത്സരത്തിലും പരാജയത്തോടെയാണ് ഫോഴ്സ ഗ്രൗണ്ട് വിട്ടത്. നിലവിൽ ആറ് ടീമുകളുള്ള ലീഗിലെ റാങ്ക് പട്ടികയിൽ പോയന്റ് ഒന്നുമില്ലാതെ ഏറ്റവും ഒടുവിലാണ് സ്ഥാനം.
വെള്ളിയാഴ്ച ഹോം ഗ്രൗണ്ടിലെ ആദ്യമത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ടീമിനെ തറപറ്റിച്ചിരുന്നു. നിലവിൽ മൂന്നു തോൽവി സംഭവിച്ചതിനാൽ സീസണിൽ പിടിച്ചുനിൽക്കാൻ ഇനിയുള്ള കളിയിലെ ജയം ഏറെ നിർണായകമാണ്.
കഴിഞ്ഞ മത്സരങ്ങളിലെ കുറവുകളും പോരായ്മകളും പരിഹരിച്ചുകൊണ്ടാണ് ഫോഴ്സയുടെ പരിശീലകൻ മിഗ്വൽ ലാഡോ പ്ലാന താരങ്ങളെ ഇറക്കാനൊരുങ്ങുന്നത്. പനമ്പിള്ളി നഗറിലെ സ്കൂൾ സ്റ്റേഡിയത്തിൽ തീവ്രപരിശീലനം നടത്തുന്ന ക്ലബിൽ ഗോകുലം കേരള താരം വിങ്ങർ അലക്സാണ്ടർ റൊമാറിയോ ജെസുരാജ്, കേരള പൊലീസ് താരം ലെഫ്റ്റ് വിങ് ബാക് വി.സി. ശ്രീരാഗ്, മുൻ ഫോഴ്സ കൊച്ചി പ്ലയർ റൈറ്റ് വിങ് ബാക്ക് രെമിത്ത് തുടങ്ങിയ പുതിയ താരങ്ങൾ ചേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

