കൊച്ചി ഫിഷറീസ് ഹാർബർ വീണ്ടും അടച്ചു; പ്രതിസന്ധി ഒഴിയുന്നില്ല
text_fieldsമട്ടാഞ്ചേരി: തുറന്നും അടച്ചും കൊച്ചി ഫിഷറീസ് ഹാർബർ. മീന്‍ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഹാര്‍ബറിലുണ്ടായ പ്രതിസന്ധി വിട്ടൊഴുന്നില്ല. ഹാര്‍ബര്‍ വ്യവസായ സമിതി പ്രസിഡൻറ് എ.എം. നൗഷാദുമായുള്ള ചര്‍ച്ചയിലെ തീരുമാനപ്രകാരം തിങ്കളാഴ്ച ഹാര്‍ബര്‍ തുറന്ന് ബോട്ടുകള്‍ കയറുകയും തൊഴിലാളികള്‍ പണിയെടുക്കുകയും ചെയ്തെങ്കിലും ചൊവാഴ്ച മുതല്‍ വീണ്ടും ഹാര്‍ബറിൽ പ്രതിസന്ധി ഉടലെടുത്തു അടക്കുകയായിരുന്നു.
ബോട്ടുടമകള്‍ കൂലി തര്‍ക്കത്തില്‍ വീണ്ടും കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ഹാര്‍ബര്‍ അടച്ചിടേണ്ട അവസ്ഥ സംജാതമായത്. ഇതോടെ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകൾ പലതും മറ്റ് ഹാര്‍ബറുകളിലേക്ക് മാറുന്ന അവസ്ഥയാണ്. ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും ഈ ബോട്ടുകള്‍ ഹാര്‍ബറില്‍ അടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പേഴ്സിന് നെറ്റ് ബോട്ടുടമകളും തൊഴിലാളികളും ഇതോടെയാണ് മറ്റ് ഹാര്‍ബറുകള്‍ തേടി പോകുന്നത്.
ഹാര്‍ബര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചാലും ഈ ബോട്ടുകള്‍ മടങ്ങിയെത്തുമോയെന്നത് സംശയകരമാണെന്നാണ് പറയുന്നത്. ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്ക്കുന്നതിനാൽ ഹാര്‍ബര്‍ കടുത്ത പ്രതിസന്ധിയിലാണ്. കൊച്ചി തുറമുഖത്തും വാണിജ്യ കേന്ദ്രമായ മട്ടാഞ്ചേരി ബസാറിലും തൊഴിൽ സാധ്യതകൾ ഗണ്യമായി കുറഞ്ഞതോടെ പടിഞ്ഞാറൻ കൊച്ചി നിവാസികളുടെ മുഖ്യ വരുമാനമാർഗം കൊച്ചി ഫിഷറീസ് ഹാർബറാണ്. ഹാർബറന്റെ നിലവിലെ പ്രതിസന്ധി വലിയ ആശങ്കയാണ് നാട്ടുകാരിൽ ഉണർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

