ഇലക്ട്രിക് ഹോവർ പട്രോളിങ്ങുമായി കൊച്ചി സിറ്റി പൊലീസ്
text_fieldsസിറ്റി പൊലീസ് ഹോവർ പട്രോളിങ് കൊച്ചി മേയർ
അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊച്ചി: നഗര നിരീക്ഷണത്തിന് കൊച്ചി സിറ്റി പൊലീസ് ഇലക്ട്രിക് ഹോവർ പട്രോളിങ് അവതരിപ്പിച്ചു. നഗരത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്ക് റോന്ത് ചുറ്റാൻ സഹായകമാകുന്ന സംവിധാനമാണിത്. ഇക്കഴിഞ്ഞ മാർച്ചിൽ പരീക്ഷണ അടിസ്ഥാനത്തിൽ കൊച്ചിയിൽ ഇതുപയോഗിച്ച് പൊലീസ് പട്രോളിങ് നടത്തിയിരുന്നു. റിമോട്ട് ഉപയോഗിച്ച് ഓണാക്കി, പിന്നീട് വിവിധ മോഡുകളിൽ യാത്രചെയ്യാം. ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താമെന്നതാണ് മേന്മ.
പ്രകൃതിസൗഹൃദ വാഹനമെന്നതും ഹോവർ തെരഞ്ഞെടുക്കാൻ കാരണമാണ്. 6-7 മണിക്കൂറിൽ ഹോവർ ഫുൾചാർജാകും. ഒറ്റ ചാർജിൽ 25-30 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. 30 ഡിഗ്രി ചരിവുള്ള പാതയും താണ്ടും. 60 കിലോഗ്രാമാണ് ഭാരം. കൊച്ചി സിറ്റി കമീഷണർ ഓഫിസിന് മുന്നിൽ കൊച്ചി മേയർ അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ് ഇലക്ട്രിക് ഹോവറുകളാണ് കൊച്ചി സിറ്റി ട്രാഫിക് പൊലീസിന് ലഭിച്ചത്. ഇതിൽ ഒരു പൊലീസുകാരന് യാത്ര ചെയ്യാനും വയർലെസ് സെറ്റ് ഉൾപ്പെടെ സൂക്ഷിക്കാനും സൗകര്യമുണ്ട്.

