‘കൊച്ചി പഴയ കൊച്ചിയല്ല’ ഒരു കുട്ടിപോലും ലഹരിക്ക് അടിമപ്പെടരുത്
text_fieldsകൊച്ചി സിറ്റി പോലീസ് കമ്മീഷണറായി കെ. സേതുരാമൻ ചുമതലയേറ്റപ്പോൾ
കൊച്ചി: പൊലീസ് ജീവിതത്തിന്റെ തുടക്കത്തിൽ എറണാകുളം തൃക്കാക്കരയിൽ അസി. കമീഷണറായിരുന്നു പുതുതായി ചുമതലയേറ്റ കമീഷണർ കെ. സേതുരാമൻ. പഴയകാലവും ജീവിതവും ഓർമയിൽ നിന്ന് മായാത്ത അദ്ദേഹം, കൊച്ചിക്ക് മുൻപത്തേതിൽ നിന്നും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. 2007 മുതലുള്ള രണ്ട് വർഷമാണ് കൊച്ചിയിൽ അസി. കമീഷണറായി സേവനം അനുഷ്ടിച്ചത്. കോസ്റ്റൽ ഐ.ജിയെന്ന നിലയിലും അദ്ദേഹം കൊച്ചിയെ അടുത്തറിഞ്ഞിട്ടുണ്ട്.
എല്ലാ മേഖലകളിലും മാറ്റം പ്രകടമാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. നഗരത്തെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു. ലഹരി വ്യാപനം കൊച്ചിക്ക് ഭീഷണിയായിരിക്കുന്ന ഘട്ടത്തിൽ അത് നിയന്ത്രിക്കുന്നതിന് കൃത്യമായ ലക്ഷ്യമാണ് ചുമതലയേറ്റെടുക്കുമ്പോൾ അദ്ദേഹത്തിനുള്ളത്. ലഹരി മാഫിയയെ കർശനമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് ഒരാളും അടിപ്പെടാൻ പാടില്ല. കുട്ടികളെ ഇത്തരത്തിൽ വഴിതെറ്റിക്കുന്ന ഒരുനടപടിയും അനുവദിക്കില്ല. കൊച്ചിയിൽ നടന്ന കുറ്റകൃത്യങ്ങളിലൊക്കെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുന്നുണ്ട്.
നല്ല രീതിയിൽ ഇവിടത്തെ ക്രമസമാധാനപാലനം നിലനിർത്തിക്കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. മികച്ച പൊലീസുദ്യോഗസ്ഥരാണ് ഇവിടെ സഹപ്രവർത്തകരായുള്ളത്. അതിനാൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും. മുൻ കമീഷണർ സി.എച്ച്. നാഗരാജു മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതിന് തുടർച്ചയായി പ്രവർത്തിക്കും. പുതുവത്സരത്തിൽ ചുമതലയേറ്റ കമീഷണർക്ക് ഔദ്യോഗിക ചടങ്ങുകളോടെ ഹൃദ്യമായ വരവേൽപ്പാണ് പൊലീസുദ്യോഗസ്ഥർ നൽകിയത്. ലഹരിമാഫിയയെ െവച്ചുപൊറുപ്പിക്കില്ലെന്നും ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്കൂളുകളെയും റസിഡൻസ് അസോസിയേഷനുകളെയും ഏകോപിപ്പിച്ചുള്ള പദ്ധതികൾക്കും രൂപം നൽകും. സി.എച്ച്. നാഗരാജു തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായി സ്ഥലം മാറിയ ഒഴിവിലേക്കാണ് കെ. സേതുരാമൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

