കേരള ശാസ്ത്ര കോണ്‍ഗ്രസ്; യുവ നൂതന ആശയങ്ങളുടെ വേദിയായി സൈസോൾ
text_fields38-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സൈസോള്‍ മത്സരത്തിൽ നിന്ന്
കൊച്ചി: 38-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ശ്രദ്ധാകേന്ദ്രമായി യുവ പ്രതിഭകളുടെ ശാസ്ത്രാധിഷ്ഠിത നൂതന ആശയങ്ങള്‍ അവതരിപ്പിച്ച സൈസോള്‍. എറണാകുളം ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരമാകുന്ന ആശയങ്ങള്‍ നിര്‍ദേശിക്കുന്ന മത്സരമാണ് സൈസോള്‍ അഥവാ സയന്റിഫിക് സൊല്യൂഷന്. മയക്കുമരുന്ന് ഉപയോഗം, പൊതുജനാരോഗ്യം, കൃഷി, സാമൂഹ്യസുരക്ഷ തുടങ്ങിയ കൊച്ചിയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരമാകുന്ന ആശയങ്ങളാണ് യുവ ഗവേഷകര്‍ അവതരിപ്പിച്ചത്.
തെറ്റിദ്ധരിപ്പിച്ച് പാനീയങ്ങളിലും ജൈവസാമ്പിളുകളിലും എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കലര്‍ത്തി നല്‍കുന്നത് കണ്ടെത്താനുള്ള പോര്‍ട്ടബിള്‍ പാച്ച്ലാറ്ററല് ഫ്ലോ സ്ട്രിപ്പ് അധിഷ്ഠിത സെന്‍സര്‍ സംവിധാനമാണ് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ കശ്യപ് കെ. രഞ്ജിത്ത്, ലീന്‍ മരിയന്‍, അനുകൃഷ്ണ.എന്‍.എസ്, ശ്രേയ ഒ.വി. എന്നിവര്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് കണ്ണിന്റെ പ്യൂപ്പില്‍ വിശകലനം ചെയ്ത് മയക്കുമരുന്ന് ഉപയോഗസാധ്യത കണ്ടെത്തുന്ന ശാരീരിക ഇടപെടലുകളില്ലാത്ത പ്രാഥമിക സ്ക്രീനിംഗ് സംവിധാനമായ 'ഓപ്റ്റിട്രേസ്' ആണ് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ സാരംഗ്. എസ്, സൂര്യ ദാസ് കെ.എസ്, റോയ് ലിജോ ചിറ്റിശ്ശേരി, മുഹമ്മദ് ആദില്‍ സി.ജെ. എന്നിവരടങ്ങുന്ന ടീം അവതരിപ്പിച്ചത്. ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ കൊച്ചി നഗരത്തിലൂടെ സഞ്ചരിക്കുന്നതിന് ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്ന സംവിധാനമാണ് തിരുവനന്തപുരം എഞ്ചിനിയറിങ് കോളെജിലെ ഗൗതമും അക്ഷയും അവതരിപ്പിച്ചത്.
പ്രാദേശിക ആവശ്യങ്ങളോടും യാഥാര്‍ഥ്യ സാഹചര്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണ് സൈസോളില് പ്രൊജക്ട് അവതരിപ്പിച്ച യുവ ഗവേഷകര്‍ പ്രകടിപ്പിച്ചത്. വിജയികളെ തിങ്കളാഴ്ച ശാസ്ത്ര കോണ്‍ഗ്രസിന്റെ സമാപന സെഷനില്‍ പ്രഖ്യാപിക്കും
ഉദ്ഘാടനം ഇന്ന്
കൊച്ചി: കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് ആമുഖ പ്രസംഗം നടത്തും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍ ചടങ്ങില്‍ അധ്യക്ഷനാകും. ചടങ്ങിനോടനുബന്ധിച്ച് 2024 ലെ കേരള ശാസ്ത്ര പുരസ്കാരം ഡോ. ടെസി തോമസിന് മുഖ്യമന്ത്രി സമ്മാനിക്കും. കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്കാരം, ശാസ്ത്ര സാഹിത്യ, മാധ്യമ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

