കണയന്നൂർ താലൂക്ക് ഓഫിസ് എയർ ഇന്ത്യ കെട്ടിടത്തിലേക്ക് മാറ്റുന്നു
text_fieldsകൊച്ചി: ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ കണയന്നൂർ താലൂക്ക് ഓഫിസ് നേരത്തേ ഏറ്റെടുത്ത എയർ ഇന്ത്യ കെട്ടിടത്തിലേക്ക് മാറുന്നു.
കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് എയർ ഇന്ത്യ ഓഫിസ്. റവന്യൂ വകുപ്പ് ഇതിന് അനുമതി നൽകി. നിലവിൽ സ്ഥലപരിമിതികളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലും വീർപ്പുമുട്ടുകയാണ് കണയന്നൂർ താലൂക്ക് ഓഫിസ്.
ഇതിനിടെ എയർ ഇന്ത്യ, ടാറ്റ ഗ്രൂപ് ഏറ്റെടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരത്തേ എയർ ഇന്ത്യക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളും കെട്ടിടങ്ങളുമെല്ലാം വില നൽകി റവന്യൂ വകുപ്പ് തിരിച്ചെടുത്തിരുന്നു. ഇത്തരത്തിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിനു സമീപം തിരിച്ചുവാങ്ങിയ ഇരുനില കെട്ടിടത്തിലേക്കാണ് താലൂക്ക് ഓഫിസ് മാറ്റുന്നത്.
ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവിനെ തുടർന്ന് 27 സെന്റോളം സ്ഥലവും 855 സ്ക്വയർ മീറ്ററുള്ള കെട്ടിടവും 6.87 കോടി രൂപക്കാണ് റവന്യൂ വകുപ്പ് വാങ്ങിയത്. എയർ ഇന്ത്യക്ക് ഈ ഭൂമിയും കെട്ടിടവും 1967ലാണ് സംസ്ഥാന സർക്കാർ പതിച്ചുനൽകിയത്.
ഇക്കഴിഞ്ഞ മേയിൽ ഇത് തിരിച്ചുവാങ്ങിയെങ്കിലും ഓഫിസ് മാറ്റാൻ നടപടിക്രമങ്ങൾ ഏറെയുണ്ടായിരുന്നു.
നിലവിലെ കെട്ടിടത്തിന് കാലപ്പഴക്കമേറെ
സുഭാഷ് പാർക്കിനടുത്ത് 150 വർഷം പഴക്കമുള്ള പൈതൃക കെട്ടിടത്തിലാണ് കണയന്നൂർ താലൂക്ക് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
ജില്ല കോടതി, കോടതിയുടെ റെക്കോഡ് റൂം, ട്രഷറി, വിദ്യാഭ്യാസ വകുപ്പ് ഓഫിസ്, എസ്.സി, എസ്.ടി വകുപ്പ് ഓഫിസ്, പി.ആർ.ഡി ജില്ല ഓഫിസ്, എറണാകുളം വില്ലേജ് ഓഫിസ്, റവന്യൂ റിക്കവറി ഓഫിസ്, സർവേ ഓഫിസ് തുടങ്ങി നിരവധി ഓഫിസുകൾ ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വേണ്ടത്ര സൗകര്യമില്ലാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നതെങ്കിലും നവീകരണത്തിനും അറ്റകുറ്റപ്പണിക്കും അനുവാദമില്ലായിരുന്നു.
46 വനിതകളും 40 പുരുഷൻമാരുമുൾപ്പടെ 86 ജീവനക്കാരാണ് താലൂക്ക് ഓഫിസിലുള്ളത്. ഇതിൽ, 71 പേർ സ്ഥിരം ജീവനക്കാരും 15 പേർ താൽക്കാലികക്കാരുമാണ്.
നിത്യേന നിരവധി പേരാണ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിലെത്തുന്നത്. എന്നാൽ, ഇത്രയുമാളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യമോ വയോധികർക്കും അംഗപരിമിതർക്കും എളുപ്പത്തിലെത്താനുള്ള സംവിധാനമോ കെട്ടിടത്തിലില്ല.
കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റവന്യൂ കേന്ദ്രമായിട്ടുപോലും വേണ്ടത്ര ശുചിമുറികളോ പാർക്കിങ് സൗകര്യങ്ങളോ ഇല്ലാത്തതും വലിയ പോരായ്മയാണ്. 25 വില്ലേജുൾപ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയും ജോലിഭാരവും തിരക്കും കൂടുതലുള്ള കണയന്നൂർ താലൂക്ക് ഓഫിസിൽ ഫയലുകളും റവന്യൂ രേഖകളും സൂക്ഷിക്കാൻ സ്ഥലമില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്. പുതുതായി ഏറ്റെടുത്ത സൗകര്യങ്ങളേറെയുള്ള കെട്ടിടത്തിലേക്ക് താലൂക്ക് ഓഫിസിനെ മാറ്റണമെന്ന് ആഴ്ചകൾക്കു മുമ്പ് നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും പ്രധാന ആവശ്യമായി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

