കളമശ്ശേരി മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി പേരിൽ മാത്രം; ചികിത്സയില്ല
text_fieldsകൊച്ചി: ജില്ലയിലെ സാധാരണക്കാരുടെ ആശ്രയമായ കളമശ്ശേരി മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാരുടെ 11 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 11 തസ്തികകളിൽ ജോലിചെയ്യുന്നത് താൽക്കാലിക ഡോക്ടർമാർ. ഡോക്ടർമാരില്ലാത്തതിനാൽ ന്യൂറോ സർജറി വിഭാഗം പ്രവർത്തിക്കുന്നില്ല.
ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരുടെ മൂന്ന് തസ്തികകളാണ് അനുവദിച്ചത്. മൂന്നും ഒഴിഞ്ഞുകിടക്കുന്നതിനാലാണ് ആ വിഭാഗം പ്രവർത്തിക്കാത്തത്. ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിച്ചിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പല വിഭാഗങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് വിവരാവകാശ രേഖയിൽനിന്ന് വ്യക്തമാകുന്നു.
കഴിഞ്ഞ മാർച്ച് മൂന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് 842 കിടക്കകളും 16 ഓപറേഷൻ തിയേറ്ററുകളുമുള്ള എട്ട് നിലകളിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ന്യൂറോ സർജറി, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോതൊറാസിക് സർജറി, ശിശുരോഗ ശസ്ത്രക്രിയ, യൂറോളജി & നെഫ്രോളജി, ട്രാൻസ്പ്ലാന്‍റ് സേവനങ്ങൾ, ഡയാലിസിസ് യൂനിറ്റുകൾ, ഗുരുതര പരിചരണ സേവനങ്ങൾ, റേഡിയോ ഡയഗ്നോസിസ് വിഭാഗം, ലബോറട്ടറികൾ, അമ്മയും കുഞ്ഞും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, ഐ.സി.എം.ആറിന്‍റെ ധനസഹായത്തോടെ 1.97 കോടി രൂപ ചെലവിൽ മൈക്രോബയോളജി ലബോറട്ടറി എന്നിവ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഉണ്ടാകുമെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായിരുന്ന പി. രാജീവ് പറഞ്ഞിരുന്നു. കെട്ടിടം പണിതതല്ലാതെ അതിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് ഡോക്ടർമാർ അടക്കം ജീവനക്കാരെ നിയമിച്ചില്ല. വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലക്ക് നൽകിയ മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്.
ഒഴിവുകൾ ഇങ്ങനെ:
ബയോകെമിസ്ട്രി വിഭാഗത്തിൽ ഏഴ് ഡോക്ടർമാരുടെ തസ്തികയാണ് അനുവദിച്ചത്. അതിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു. ജനറൽ സർജറി വിഭാഗത്തിൽ 15 ഡോക്ടർമാരാണ് വേണ്ടത്. 11 സ്ഥിരം ഡോക്ടർമാരേ നിലവിലുള്ളൂ. മൂന്ന് താൽക്കാലിക ഡോക്ടർമാരെ ഈ വിഭാഗത്തിൽ നിയമിച്ചിട്ടുണ്ട്. ജനറൽ മെഡിസിൻ വിഭാഗത്തിൽ 23 ഡോക്ടർമാരുടെ തസ്തികകളാണുള്ളത് 21 സ്ഥിരം ഡോക്ടർമാരേ ഉള്ളൂ. രണ്ട് താൽകാലിക ഡോക്ടർമാരെ ഈ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. ഓർത്തോപീഡിക് വിഭാഗത്തിൽ ഒമ്പത് ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും ആറുപേരേ സ്ഥിരംഡോക്ടർമാരായുള്ളൂ. താൽകാലികമായി നിയമിച്ച ഒരു ഡോക്ടറുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ 10 ഡോക്ടർമാരാണ് വേണ്ടത്. ആറുപേരേ ഉള്ളൂ. ഹൃദ്രോഗ വിഭാഗത്തിൽ ആറ് തസ്തികകളാണുള്ളതെങ്കിലും സ്ഥിരം ഡോക്ടർമാർ മൂന്നു പേരേ ഉള്ളൂ. രണ്ട് താൽകാലികക്കാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
ഗ്യാസ്ട്രോ എൻട്രോളജി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് കാർഡിയോളജി എന്നീ വിഭാഗങ്ങളിലേക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നടപടികൾ നടന്നുവരുന്നതേയുള്ളൂ. നിയമനം നടത്താത്തതിനാൽ പുതിയ ബ്ലോക്കിലെ ഈ വിഭാഗങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. എമർജൻസി മെഡിസിനിൽ അനുവദിച്ച രണ്ട് തസ്തികകളിലും സ്ഥിരം ഡോക്ടർമാരില്ല. രണ്ട് കരാർ ഡോക്ടർമാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

