ടൂറിസം കേന്ദ്രമാണ്, എത്താൻ ബസില്ല
text_fieldsകിഴക്കമ്പലം: പഴങ്ങനാട് കപ്പേളപ്പടിയില്നിന്ന് കടമ്പ്രയാര്‍ വിനോദ സഞ്ചാരമേഖല, കക്കാട്ടിക്കര എന്നിവിടങ്ങളിലേക്ക് ബസ് സർവിസില്ല. ഇതോടെ ഒരു പ്രദേശം മുഴുവന്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കടമ്പ്രയാര്‍ വിനോദ കേന്ദ്രത്തിലെത്താന്‍ സാധാരണക്കാർക്ക് മാർഗമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തമായി വാഹനമില്ലാത്ത പ്രദേശവാസികള്‍ കിലോമീറ്റര്‍ നടന്നാല്‍ പഴങ്ങനാട്ടിലെ ബസ് സ്റ്റോപ്പിലെത്താം. അതുമല്ലെങ്കില്‍ ഓട്ടോ വിളിക്കണം. അവിടെയെത്തിയാല്‍ മറ്റുള്ള സ്ഥലങ്ങളിലേക്ക് ബസ് പിടിക്കാനാകും. പള്ളിയില്‍പോകാനും ആശുപത്രിയില്‍ പോകാനും വരെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.
ജില്ലയിലെ വിനോദ കേന്ദ്രമായ കടമ്പ്രയാര്‍ മാസങ്ങള്‍ക്കുശേഷം കഴിഞ്ഞദിവസമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. കടമ്പ്രയാറിലെ മഴവില്‍ പാലങ്ങളും നടപ്പാതകളും ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തണമെങ്കില്‍ ബസ് സർവിസ് അത്യന്താപേക്ഷിതമാണ്.
കോവിഡാനന്തര ഉയര്ത്തെഴുന്നേൽപിന് ശ്രമിക്കുന്ന വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തിച്ചേരാനുള്ള സൗകര്യമൊരുക്കുകയാണ് ആദ്യം വേണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുവഴി കെ.എസ്.ആര്.ടി.സി ബസ് ഓടിച്ചിരുന്നെങ്കിലും നിര്‍ത്തലാക്കുകയായിരുന്നു. ഏക്കർ കണക്കിനു പാടശേഖരം വിട്ടുനൽകിയാണ് ഇതിലെ പ്രദേശവാസികള്‍ റോഡ് നിർമിച്ചത്. ഒട്ടേറെപ്പേരുടെ പ്രയത്നം ഇതിനു പിന്നിലുണ്ട്. റോഡ് ടാറിങ് നടത്തിയെങ്കിലും പ്രദേശത്തിന്റെ വികസനത്തിനു ഉതകുന്ന ബസ് സർവിസുകള്‍ ആരംഭിക്കാനായിട്ടില്ല.
പഴങ്ങനാട് വികാസ്വാണി എ.പി. വര്‍ക്കി റോഡിലൂടെയുള്ള ബസ് റൂട്ട് യാഥാര്‍ഥ്യമായാല്‍ കിഴക്കമ്പലം, എടത്തല എന്നീ രണ്ട് ഗ്രാമപഞ്ചായത്തും തൃക്കാക്കര മുനിസിപ്പാലിറ്റിയും ബസ് സര്‍വിസിന്റെ ഭാഗമായി മാറും. കൂടാതെ ഒറ്റപ്പെട്ടു കിടക്കുന്ന ചെറുതുരുത്തുകളായ വട്ടോലിക്കര, കക്കാട്ടിക്കര, ചെറുതുരുത്ത്, വെട്ടിക്കുഴ എന്നിവിടങ്ങളിലെ പ്രദേശവാസികളുടെ യാത്രാദുരിതത്തിനും പരിഹാരമാകും. പെരുമ്പാവൂര്‍ ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എറണാകുളത്ത് എത്താവുന്ന ഈ റോഡ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായകമായിരിക്കും. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, ഭരണസിരാകേന്ദ്രമായ കാക്കനാട് എന്നിവിടങ്ങളിലേക്ക് എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്തുനിന്നുള്ളവര്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പവഴിയാണിത്. പെരുമ്പാവൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ദീര്‍ഘദൂര ബസുകള്‍ പുക്കാട്ടുപടിയില്‍നിന്ന് പഴങ്ങനാട് എ.പി. വര്‍ക്കി റോഡ് വഴി പോകാന്‍ അനുവദിച്ചാല്‍ പ്രദേശവാസികള്‍ക്ക് ഉൾപ്പെടെ ഏറെ ഗുണപ്രദമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

