ദ്വീപുകൾ കൈകോർക്കുന്നു അഴീക്കോടിന് ഒരു പാലമകലെ മുനമ്പം
text_fieldsമുനമ്പം-അഴീക്കോട് പാലം നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
വൈപ്പിൻ: തൃശൂർ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട്-മുനമ്പം പാലം 2025 വർഷത്തെ സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരദേശത്തിന്റെ ചിരകാലാഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമാണോദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ടീമായിനിന്ന് നടത്തിയ ഇടപെടലുകൾ വഴിയും പ്രതിസന്ധികളെ തരണം ചെയ്തുമാണ് പാലത്തിന്റെ നിർമാണത്തിലെത്തിയത്. യോജിക്കുന്നവരെയെല്ലാം യോജിപ്പിച്ച് നിർത്തി നിർമാണം പൂർത്തിയാക്കും. സർക്കാറിന്റെ ഇച്ഛാശക്തിയുടെ ഉത്തമ ഉദാഹരണമാക്കി പാലം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.എറണാകുളം-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശത്തിനും അതിന്റെ ഭാഗമായ ടിപ്പുസുൽത്താൻ റോഡിനും ദേശീയപാതക്കും അഭിമാനകരമായ വിധത്തിലാകും പാലം പൂർത്തിയാവുകയെന്ന് വിശിഷ്ടാതിഥിയായ മന്ത്രി കെ. രാജൻ പറഞ്ഞു.
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പശ്ചാത്തല വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് വിശിഷ്ടാതിഥിയായ മന്ത്രി ഡോ. ആർ. ബിന്ദു വിഡിയോ സംഭാഷണത്തിൽ അറിയിച്ചു. അഴീക്കോട് ഐ.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി. ടീം ലീഡർ നോർത്ത് കെ.ആർ.എഫ്.ഇ.ബി (കേരള റോഡ് ഫണ്ട് ബോർഡ്) എസ്. ദീപു സാങ്കേതിക വിവരണം നടത്തി.
തൃശൂർ, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

