തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി വികസന ഫണ്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട്
text_fieldsതൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിലെ വികസന സമിതി ഫണ്ടുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് ഓഡിറ്റ് കമ്മിറ്റി ഏഴു ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച നടന്ന വികസന സമിതി യോഗത്തിൽ എച്ച്.എം.സി ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനെക്കുറിച്ച് വികസന സമിതി അംഗം സി. വിനോദിന്റെ ചോദ്യത്തിന് മറുപടിയായാണ് സൂപ്രണ്ട് ക്രമക്കേട് സംബന്ധിച്ച വിവരം അറിയിച്ചത്.
തുടർച്ചയായി ഓഡിറ്റ് റിപ്പോർട്ട് ചോദിച്ചിട്ടും റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാത്തത് എന്താണെന്ന് നഗരസഭ കൗൺസിലറും വികസന സമിതി അംഗവുമായ രാധിക വർമയും ചോദിച്ചു. ക്ലറിക്കൽ സ്റ്റാഫിന്റെ അഭാവം മൂലം യഥാസമയം കണക്കുകൾ ചേർക്കാത്തതാണ് ക്രമക്കേടിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി ബന്ധുക്കൾക്ക് നൽകിയത് സംബന്ധിച്ച് സൂപ്രണ്ട് വ്യക്തമാക്കണമെന്ന് സമിതി അംഗവും നഗരസഭ മുൻ ചെയർമാൻ കൂടിയായ സി.എൻ. സുന്ദരൻ ആവശ്യപ്പെട്ടു.
വിഷയം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും ആശുപത്രി വികസന സമിതി അംഗവുമായ സി. വിനോദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശങ്ങൾ നൽകുവാനും ആശുപത്രി സൂപ്രണ്ട് ഡോ. സി. സുമ, നഗരസഭ മുൻ ചെയർമാൻ ആർ. വേണുഗോപാൽ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എ. ബെന്നി, നഗരസഭ കൗൺസിലർ രാധിക വർമ തുടങ്ങിയവരെ ചുമതലപ്പെടുത്തി. ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് അടിയന്തര കമ്മിറ്റി വിളിക്കാനും യോഗം തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ് അധ്യക്ഷതവഹിച്ചു. കെ. ബാബു എം.എൽ.എ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എ. ബെന്നി, ആശുപത്രി വികസന സമിതി അംഗങ്ങളായ മുൻ നഗരസഭ ചെയർമാൻമാരായ ആർ. വേണുഗോപാൽ, സി.എൻ. സുന്ദരൻ, കെ.കെ. മോഹനൻ, കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് സി. വിനോദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാകേഷ് പൈ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

