അന്തർസംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ; പൊലീസ് നടപടി കൃത്യമായ മാനദണ്ഡങ്ങളില്ലാതെയെന്ന് ആക്ഷേപം
text_fieldsമുനമ്പം: അന്തർസംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ നടപടികൾ കൃത്യമായ മാനദണ്ഡങ്ങളില്ലാതെ നടപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി തൊഴിലുടമകൾ.
കോവിഡ് കാലത്ത് അന്തർസംസ്ഥാന തൊഴിലാളികളിൽനിന്ന് ലളിതമായ ഒരു വിവരശേഖരണ ഫോം പൂരിപ്പിച്ച് വാങ്ങുകയും ഒരു രസീത് നൽകുകയുമാണ് പൊലീസ് ചെയ്തിരുന്നത്. ഇതിനു പകരമായി ഇപ്പോൾ 50 ചോദ്യങ്ങളുള്ള ബ്രഹത്തായ ഒരു ചോദ്യാവലിയാണ് പൊലീസ് നൽകിയിട്ടുള്ളത്. അക്ഷരാഭ്യാസമില്ലാത്ത അന്തർസംസ്ഥാന തൊഴിലാളികൾക്ക് സ്വയം പൂരിപ്പിച്ച് നൽകാനാവാത്ത വിവരങ്ങളാണ് ചോദ്യാവലിയിൽ.
കഴിഞ്ഞ അഞ്ചുവർഷം ഏതെല്ലാം തൊഴിലുടമയുടെ കീഴിൽ എവിടെയെല്ലാം ജോലി ചെയ്തു എന്നൊക്കെ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് തൊഴിലാളി പറയുന്നത് വിശ്വസിക്കാനേ മാർഗമുള്ളൂ.
കൂടാതെ ഇത് പൂരിപ്പിച്ച് നൽകുന്നവർക്ക് ഒരു രസീതും പൊലീസിൽനിന്ന് നൽകുന്നില്ല. ഇതുമൂലം രജിസ്റ്റർ ചെയ്തവരെയും അല്ലാത്തവരെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. മുനമ്പം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ കഴിഞ്ഞ ദിവസം വടക്കേക്കര പൊലീസ് തടഞ്ഞുവെക്കുകയും വീണ്ടും രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.
മുനമ്പം പൊലീസ് സ്റ്റേഷനിൽ തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിച്ച തൊഴിലാളികളെയും തൊഴിലുടമകളെയും സമീപത്തെ ഒരു അക്ഷയ സെൻറർ നടത്തിപ്പുകാരി ഫോണിൽ വിളിച്ച് രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
അന്തർസംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ആധികാരികത അതത് സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിന് കേരള പൊലീസിന്റെയോ തൊഴിൽ വകുപ്പിന്റെയോ നേതൃത്വത്തിൽ സംവിധാനം ഉണ്ടാക്കണം.
തൊഴിലാളികൾ തങ്ങളുടെ പക്കൽനിന്ന് തൊഴിലുപേക്ഷിച്ച് പോയാലും അവരുടെ ഉത്തരവാദിത്തം തങ്ങളിൽ അടിച്ചേൽപിക്കുകയാണെന്നും അവർ കുറ്റകൃത്യത്തിലേർപ്പെട്ടാൽ തങ്ങളെയും പ്രതി ചേർക്കുമെന്നുമുള്ള നിലപാട് ന്യായീകരിക്കാനാവില്ലെന്നും തൊഴിലുടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

