പുത്തൻ തന്ത്രങ്ങളുമായി അന്തർ സംസ്ഥാന ക്രിമിനൽ സംഘങ്ങൾ ; പിടിമുറുക്കുന്നു, കവർച്ചക്കാർ
text_fieldsമുണ്ടൂരിൽ മോഷണം
കൊച്ചി: മുംബൈയിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന സംഘം മടങ്ങുന്നത് ലക്ഷങ്ങളുടെ മോഷണ മുതലുമായാണ്. മോഷ്ടിക്കുന്നത് സൂപ്പർ മാർക്കറ്റുകളിലെ മുന്തിയ ഷേവിങ് സെറ്റുകൾ മാത്രം. വ്യാപാര സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരെയും കാമറക്കണ്ണുകളെയും കബളിപ്പിച്ച് മുങ്ങുന്നതായിരുന്നു രീതി. തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നവരെ ആക്രമിക്കാനും മടിക്കില്ല. ഓരോ തവണയും മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന ഉൽപന്നങ്ങളാണ് ഇവർ കൈക്കലാക്കിയിരുന്നത്.
കൊച്ചി സിറ്റി പൊലീസ് എ.ഐ കാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി. ജില്ലയിൽ ഏതാനും ദിവസം മുമ്പ് കണ്ടെത്തിയ വ്യത്യസ്തമായ മോഷണ രീതിയാണിത്. യാത്രക്കാരുടെ മൊബൈൽ ഫോണുകളും പഴ്സും കവരുന്നത് മുതൽ ഭവനഭേദനവും വൻകവർച്ചയും വരെ നടത്തുന്ന സംഘങ്ങൾ ജില്ലയിൽ വിഹരിക്കുന്നുണ്ടെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് 1.9 ലക്ഷം രൂപയുടെ നിർമാണ സാമഗ്രികൾ മോഷ്ടിച്ചത്, റോഡിലൂടെ നടന്നുപോകുകയായിരുന്ന മധ്യവയസ്കയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചത്, പകൽ വീട്ടിൽ കയറിയിരുന്ന് രാത്രി വീട്ടുകാർ ഉറങ്ങിയപ്പോൾ മോഷണം നടത്തി പ്രതി മുങ്ങിയത് തുടങ്ങിയ സംഭവങ്ങൾ ജില്ലയിൽ നടന്നിരുന്നു. ഇത്തരം വ്യത്യസ്ത മോഷണങ്ങളിലെ പ്രതികൾ ഏതാനും മാസങ്ങൾക്കുള്ളിൽ ജില്ലയിൽ അറസ്റ്റിലായി.
ജില്ലയിലെ കവർച്ചകൾ
(2023 ഏപ്രിൽ 30 വരെ, 2022, 2021)
- കൂട്ടക്കവർച്ച- ഒന്ന്, ഏഴ്, ഏഴ്
- കൊള്ള- 25, 74, 107
- ഭവനഭേദനം- 76, 188, 131
- മോഷണം- 181, 313, 537
വാഹനങ്ങൾ സൂക്ഷിക്കാം
വഴിയരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുതൽ ഷോറൂമിൽ കിടക്കുന്ന കാർ വരെയാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മോഷ്ടിക്കപ്പെട്ടത്. വാഹനങ്ങൾ മാത്രമല്ല, അവയുമായി ബന്ധപ്പെട്ട മറ്റ് മോഷണങ്ങളും നടക്കുന്നുണ്ട്. പെട്രോൾ ഊറ്റിയെടുക്കുന്നതും ബാറ്ററിയടക്കമുള്ള ഭാഗങ്ങൾ മോഷ്ടിക്കുന്നതുമൊക്കെ അതിൽ ഉൾപ്പെടും.
കണ്ണാടിക്കാട്ട് പ്രവർത്തിക്കുന്ന കാർ ഷോറൂമിലെ യാർഡിൽനിന്ന് കാർ കടത്തിയ പ്രതി പിടിയിലായത് കഴിഞ്ഞ 29നാണ്. യാർഡിൽ താക്കോലോടെ ഇട്ടിരുന്ന കാർ മോഷ്ടിച്ചു കുണ്ടന്നൂരുള്ള പെട്രോൾ പമ്പിൽ കയറിയപ്പോൾ അവിടത്തെ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെച്ചതോടെയാണ് പ്രതി കുടുങ്ങിയത്.
പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മതിയായ സുരക്ഷ കരുതണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.
പ്രധാന നഗരങ്ങൾ ശ്രദ്ധാകേന്ദ്രം
ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തോടെ ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിക്കുന്ന അന്തർ സംസ്ഥാനക്കാർ ഉൾപ്പെട്ട ക്രിമിനൽ സംഘങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. നഗരങ്ങളിൽ തമ്പടിക്കുന്ന ഇത്തരക്കാരാണ് പലപ്പോഴും മോഷണവും പിടിച്ചുപറിയും മുതൽ മറ്റ് അക്രമ സംഭവങ്ങൾക്കും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്നിൽ.
രാത്രിയിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരിൽനിന്ന് മോഷണം നടത്തുന്നതും പതിവായി. നഗരത്തിലെ ഹോസ്റ്റലുകളാണ് ഇത്തരക്കാർ മോഷണത്തിന് തെരഞ്ഞെടുക്കുന്ന മറ്റൊരിടം. കഴിഞ്ഞ ദിവസം പോണേക്കരയിലുള്ള ഒരു ഹോസ്റ്റലിൽനിന്ന് 1,30,000 രൂപ വിലയുടെ ഐ ഫോൺ മോഷ്ടിച്ച പ്രതി പൊലീസിന്റെ പിടിയിലായിരുന്നു.
നമുക്ക് ശ്രദ്ധിക്കാം
- മോഷണങ്ങൾ ഒഴിവാക്കാൻ പ്രത്യേക ജാഗ്രത പുലർത്തണം.
- ഒന്നിലധികം ദിവസം വീടുപൂട്ടി പോകുന്നവർ പൊലീസിൽ വിവരം അറിയിക്കണം.
- വീട്ടിൽ ആളുള്ളപ്പോൾ പിറകുവശത്തുള്ള ലൈറ്റ് തെളിച്ചിടുക.
- സി.സി ടി.വി കാമറകൾ സ്ഥാപിച്ച വീടുകൾ രാത്രി റെക്കോഡിങ് മോഡിലാണെന്ന് ഉറപ്പുവരുത്തുക.
- റെസിഡന്റ്സ് അസോസിയേഷനുകൾ പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകൾ നിർമിച്ച് അസ്വഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപെടുമ്പോൾ വിവരം കൈമാറി പൊലീസിനെ അറിയിക്കണം.
- രാത്രി വീട്ടിൽ കാളിങ് ബെൽ അടിച്ചാൽ വ്യക്തിയെ തിരിച്ചറിഞ്ഞശേഷം മാത്രം വാതിൽ തുറക്കുക.
- രാത്രി വീടിന്റെ പുറത്ത് പൈപ്പിൽനിന്നോ മറ്റോ വെള്ളം ഒഴുകുന്നതിന്റെ ശബ്ദമോ മറ്റോ കേട്ടാൽ വിവരം അടുത്തുള്ള നല്ല സുഹൃത്തുകളെ ഫോൺ വഴി അറിയിക്കുക.
- ഫോൺ സൈലന്റ് മോഡിലാകാതിരിക്കാൻ ശ്രദ്ധിക്കുക.
- പൂട്ടുപൊളിക്കാനുതകുന്ന തരത്തിലുള്ള വീട്ടുപകരണങ്ങളായ കോടാലി, വാക്കത്തി തുടങ്ങിയവ വീടിന് പുറത്തിടാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

