അന്തർസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിയുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കൈലാഷ് എന്ന ഒഡിഷ സ്വദേശി ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണ കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതി വെറുതെവിട്ടു. ഒഡിഷ സ്വദേശിതന്നെയായ കൃഷ്ണ നായിക്കിന് എറണാകുളം സെഷൻസ് (ആറ്) കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളത്തെ കെട്ടിടത്തിലെ ഒരു മുറിയിൽ 2015 മേയ് മൂന്നിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കൈലാഷ് ആശുപത്രിയിൽ മരിക്കുകയായിരുന്നു. അറസ്റ്റിലായ കൃഷ്ണ നായിക്കിനെ സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്. ഇതേ മുറിയിൽ താമസിച്ചിരുന്ന ഇയാൾ സൂക്ഷിച്ചിരുന്ന പണം കൈലാഷ് മോഷ്ടിച്ചെന്നാരോപിച്ച് ഇരുവരും തമ്മിൽ കലഹമുണ്ടായെന്നും ഇതിനിടെ കുത്തിക്കൊന്നെന്നുമാണ് കേസ്. എതിർവാദത്തിന് പ്രതിക്ക് അനുമതി നൽകിയെങ്കിലും തെളിവുകൾ ഹാജരാക്കാനായില്ലെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിരപരാധിയാണെന്നും തൊഴിൽതേടി വന്ന താൻ വധക്കേസിൽ പിടിയിലാവുകയായിരുന്നു എന്നുമായിരുന്നു അപ്പീലിൽ ഹരജിക്കാരന്റെ വാദം. തുടർന്ന് നിയമസഹായ സംവിധാനം വഴി പ്രതിക്ക് വേണ്ടി വാദം നടത്താൻ അഡ്വ. വി.എച്ച്. ജാസ്മിനെ കോടതി ചുമതലപ്പെടുത്തി. പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ കൊലക്കുറ്റത്തിന് ശിക്ഷിക്കാൻ മതിയായവയല്ലെന്നും ചില സാഹചര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയെന്നല്ലാതെ നേരിട്ട് തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അഭിഭാഷകയുടെ വാദം. ഒന്നും രണ്ടും സാക്ഷികളുടെ മൊഴിയാണ് പ്രധാനമായും തെളിവായി സ്വീകരിച്ചത്.
എന്നാൽ, ഈ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ട്. കൊല്ലപ്പെട്ടയാളുടെ മുറിയിൽ താമസിച്ചിരുന്ന നാലുപേരെ സംഭവത്തിനുശേഷം കാണാതായി. അവരെ കണ്ടെത്താനോ ചോദ്യംചെയ്യാനോ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. ഇത്രയും ഗൗരവമുള്ള വിഷയത്തിൽ നടപടി പൂർത്തിയാക്കാതെ ശിക്ഷിക്കാൻ തെളിവായി കണ്ടെത്തിയ സാക്ഷി മൊഴികൾ അപ്രസക്തമാണെന്ന് അഭിഭാഷക വാദിച്ചു. പ്രതി ധരിച്ചിരുന്ന ജീൻസിൽ രക്തക്കറയുണ്ടായിരുന്നുവെന്നതുകൊണ്ട് മാത്രം കൊലക്കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
ഈ വാദങ്ങൾ അനുവദിച്ച ഹൈകോടതി, സാക്ഷിമൊഴികൾ സംശയം ജനിപ്പിക്കുന്നതാണെന്നും കുറ്റകൃത്യവുമായി പ്രതിയെ ബന്ധിപ്പിക്കാൻ തെളിവില്ലെന്നും വ്യക്തമാക്കി വെറുതെവിട്ട് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

